ബംഗളൂരു: പ്രൈം വോളിബാള്‍ ലീഗില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് ശനിയാഴ്ച കാലിക്കറ്റ് ഹീറോസ്-ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ നേരിടും. വൈകീട്ട് ഏഴിന് കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ലീഗിലെ എട്ടാം മത്സരം. രണ്ടു മലയാളി പരിശീലകര്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിൽ മുൻ ഇന്ത്യൻ താരം കിഷോർ കുമാർ കാലിക്കറ്റിന്റെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ടോം ജോസഫ് ഹൈദരാബാദിന്റെയും പരിശീലകരാണ്. ആദ്യ മത്സരത്തില്‍ അരങ്ങേറ്റക്കാരായ മുംബൈ മിറ്റിയോഴ്സിനെ 4-1ന് കാലിക്കറ്റ് ഹീറോസ് തോൽപിച്ചിരുന്നു. മുംബൈക്കെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു കാലിക്കറ്റിന്റെ വന്‍ തിരിച്ചുവരവും വിജയവും. സ്റ്റേഡിയത്തിലെ ആരാധക പിന്തുണയും കാലിക്കറ്റിന് അനുകൂലമാണ്. ഒരു മത്സരം മാത്രം കളിച്ച കാലിക്കറ്റിന് നിലവില്‍ രണ്ട് പോയന്റുണ്ട്. ബംഗളൂരു ലെഗില്‍ ഇരുടീമുകളുടെയും അവസാന മത്സരം കൂടിയാണ് ശനിയാഴ്ച. ആദ്യമത്സരത്തില്‍ അഹ്മദാബാദ് ഡിഫന്‍ഡേഴ്സിനെ തോൽപിച്ച ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനോട് 1-4ന് തോറ്റിരുന്നു. ജനറൽ ഗാലറി ടിക്കറ്റുകൾ ബുക്ക്മൈ ഷോ വെബ്സൈറ്റ് വഴി ലഭിക്കും. സോണി സ്പോര്‍ട്സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്പോര്‍ട്സ് ടെന്‍ 2 (മലയാളം) ചാനലുകളില്‍ മത്സരം തത്സമയം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.