ബംഗളൂരു: ചിക്കമകളൂരുവുമായി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബന്ധവും തെരഞ്ഞെടുപ്പ് കാലവും ഓർമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബുധനാഴ്ച ചിക്കമകളൂരുവിലെ ശൃംഗേരിയിൽ നടന്ന കോൺഗ്രസ് പ്രചാരണ റാലിയിലാണ് പ്രിയങ്ക ഗാന്ധി മുത്തശ്ശി ഇന്ദിരാഗാന്ധിയെ കുറിച്ചും തന്‍റെ കുടുംബത്തെ കുറിച്ചും വികാരാധീനയായി സംസാരിച്ചത്.
‘രാഷ്ട്രീയത്തിൽ ഇന്ദിരാജിയുടെ പ്രതിസന്ധിക്കാലത്താണ് അവർ ചിക്കമകളൂരുവിൽ വന്നത്. അന്ന് ചിക്കമകളൂരുവിലെ ജനങ്ങൾ ഇന്ദിരാജിക്കൊപ്പം നിന്നു. ഇന്ന് രാഹുലിനും എന്‍റെ കുടുംബത്തിനും അതുപോലെ പ്രതിസന്ധിക്കാലമാണ്. ഇന്ദിരാഗാന്ധിയെ പോലെ കള്ള കേസിലാണ് രാഹുലിനെയും പാർലമെന്‍റിൽ അയോഗ്യയാക്കിയത്. സത്യത്തിന് വേണ്ടി പോരാടുന്നതിനാൽ ദൈവത്തിന്‍റെയും ജനങ്ങളുടെയും അനുഗ്രഹത്തോടെ വിജയം വരിക്കുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ശൃംഗേരി ശാരദ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞാണ് ഞാൻ ഇങ്ങോട്ട് വന്നത്. ഇപ്പോഴത്തെ മഠാധിപതി ശങ്കരാചാര്യ ആരാഞ്ഞു, ഇന്ദിരാഗാന്ധി ചിക്കമംഗളൂറിൽ മത്സരിച്ചോ, ഇല്ലേ? അതെ എന്ന് ഞാൻ മറുപടി പറഞ്ഞു. സ്വാമിജി എന്നെ അനുഗ്രഹിച്ചു. രാഹുലിന് വേണ്ടിയും അനുഗ്രഹംതേടിയപ്പോൾ ആശീർവദിച്ചു. എന്‍റെ പിതാവ് രാജീവ് ഗാന്ധിയും ഇവിടെ വന്നതായി സ്വാമിജി എന്നോട് പറഞ്ഞു. പ്രതിസന്ധിഘട്ടത്തിലാണ് ഇന്ദിരാജി ഇവിടെ വന്നത്. അന്നും ഇതുപോലെ മഴ പെയ്തിരുന്നു. ഞാൻ കരുതുന്നു, ഇത് അനുഗ്രഹത്തിന്‍റെ മഴയാണ്. ഇതെനിക്ക് വൈകാരിക നിമിഷമാണ്. നിങ്ങൾക്ക് മുന്നിൽ അതേ മൈതാനിയിൽ അതേ വേദിയിൽ അതേ അന്തരീക്ഷത്തിൽ ഞാൻ നിൽക്കുന്നു- പ്രിയങ്ക വികാരാധീനയായി.
അടിയന്തരാവസ്ഥക്കാലത്തിന് ശേഷം 1977ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽനിന്ന് ജനതാ പാർട്ടിയുടെ രാജ് നരെയ്നോട് തോറ്റിരുന്നു. പിന്നീട് പാർലമെന്‍റിൽനിന്ന് അയോഗ്യയാക്കി. ഡി.ബി. ചന്ദ്രഗൗഡ ഇന്ദിരക്കായി ലോക്സഭാംഗത്വം രാജിവെച്ചാണ് 1978ൽ ഇന്ദിരാഗാന്ധി ചിക്കമകളൂരിൽനിന്ന് മത്സരിച്ചത്. മുൻ കോൺഗ്രസ് മന്ത്രിയും പിന്നീട് ജനതാ പരിവാർ സ്ഥാനാർഥിയുമായ വീരേന്ദ്ര പാട്ടീലിനെ 77000 വോട്ടിന് തോൽപിച്ചാണ് ഇന്ദിര ഗാന്ധി ചിക്കമകളൂരുവിൽനിന്ന് രാഷ്ട്രീയ പുനർജന്മം നേടിയത്. തങ്ങളുടെ മൂന്നു തലമുറക്കുവേണ്ടി
ഹൃദയപൂർവം ചിക്കമകളൂരുവിലെ ജനങ്ങളോട് നന്ദി ചൊല്ലുകയാണ്. ഈ രാജ്യം ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്- പ്രിയങ്ക പറഞ്ഞു.
കർണാടകയെ കുറിച്ച് എനിക്ക് അഭിമാനമുണ്ട്. കഴിഞ്ഞ മൂന്നര വർഷമായി ഭരിക്കുന്ന സർക്കാർ നിങ്ങളുടെ വിശ്വാസം തകർത്തു. അത്യാഗ്രഹത്തിൽ പടുത്തുയർത്തിയ സർക്കാറാണത്. എം.എൽ.എമാരെ കവർന്നാണ്, കോൺഗ്രസ്- ജെ.ഡി-എസ് സഖ്യംതകർത്താണ് അവർ സർക്കാറുണ്ടാക്കിയത്. അവരുടെ എല്ലാ വാഗ്ദാനങ്ങളും വെറുതെയായി.
എല്ലായിടത്തും അഴിമതിയായി.അഴിമതിയെ കുറിച്ച് കരാറുകാർ പ്രധാനമന്ത്രിക്ക് എഴുതിയിട്ടും മറുപടിയില്ല. കോവിഡ് കാലത്തപോലും അഴിമതിയായിരുന്നു. രാജ്യം ഒരു വഴിത്തിരിവിലാണെന്നും കർണാടകയിൽ കോൺഗ്രസിന്‍റെ വിജയം അനിവാര്യമാണെന്നും പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.