ബംഗളൂരു: ജോലി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അംബേദ്കർ നഗറിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) സെന്റർ ഫോർ എയർ ബോൺ സിസ്റ്റം ഓഫിസിന് മുന്നിൽ 61 ശുചീകരണ തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു.
തൊഴിൽ രംഗത്തെ ചൂഷണത്തിനെതിരെ പരാതിപ്പെട്ടതിന് കരാറുകാരൻ കഴിഞ്ഞ മാർച്ച് 23നാണ് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടത്. തൊഴിലാളികളുടെ വേതനത്തിൽനിന്ന് 4000 രൂപ കമീഷനായി കരാറുകാരൻ ആവശ്യപ്പെട്ടിരുന്നതായും ഇതു സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലിൽ തൊഴിൽ വകുപ്പിന് പരാതി നൽകിയിരുന്നതായും എ.ഐ.സി.സി.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ. മൈത്രേയി പറഞ്ഞു. ഇതോടെ സാമൂഹിക ക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പ വിഷയത്തിലിടപെടുകയും ഡി.ആർ.ഡി.ഒ അധികൃതരോട് തൊഴിലാളികളെ തിരിച്ചെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും നടപ്പായില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. സഫായി കർമചാരി കമീഷന്റെ നിർദേശവും പാലിക്കപ്പെട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി.
മുഴുവൻ പേർക്കും ജോലി പുനഃസ്ഥാപിക്കുംവരെ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. ഓഫിസ് പ്രവൃത്തി സമയങ്ങളിൽ ഡി.ആർ.ഡി.ഒ ഗേറ്റിന് മുന്നിലാണ് സമരം. കഴിഞ്ഞ ദിവസം ഗേറ്റിന് മുന്നിൽ ബാരിക്കേഡ് കെട്ടിയ അധികൃതർ സമരക്കാരെ റോഡിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.