ബംഗളൂരു: രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന ഫാഷിസ്റ്റ് ആക്രമണം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെത്തന്നെ തകിടം മറിക്കുന്ന വിധത്തിലാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പറഞ്ഞു. ലോക്സഭ അംഗത്വം അയോഗ്യനാക്കിയ നടപടി രാഹുലിന്റെ വായ് തുന്നിക്കെട്ടാനുള്ള ബി.ജെ.പി ശ്രമമാണ്. ജനാധിപത്യ രീതിയിൽ പ്രതികരിച്ച് ഇത്തരം ശ്രമങ്ങൾ ഇല്ലായ്മ ചെയ്യണം.
രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി സർക്കാറെടുത്ത ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കർണാടക യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികളെ തൂത്തെറിഞ്ഞ് കോൺഗ്രസ് ഭരണം പുനഃസ്ഥാപിക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണം. മുസ്ലിം സമുദായത്തിനുള്ള നാലുശതമാനം സംവരണം റദ്ദാക്കിയ കർണാടക സർക്കാർ നടപടിയെ യോഗം അപലപിച്ചു. ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നീക്കത്തെ ചെറുക്കാനും യോഗം ആഹ്വാനം ചെയ്തു.
യു.ഡി.എഫ് കർണാടക ചെയർമാൻ മെറ്റി കെ. ജോർജ് അധ്യക്ഷത വഹിച്ചു. അഡ്വ. സത്യൻ പുത്തൂർ, എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് , അഡ്വ. പ്രമോദ് നമ്പ്യാർ, സദഖത്തുല്ല, നാസർ നീല സാന്ദ്ര, ലത്തീഫ് ഹാജി, മുസ്തഫ അലി, സിദ്ദീഖ് തങ്ങൾ, ജെയ്സൻ ലൂക്കോസ്, അഡ്വ. രാജ്മോഹൻ, സഞ്ജയ് അലക്സ് എന്നിവർ സംസാരിച്ചു. ഷംസുദ്ദീൻ കൂടാളി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. അലക്സ് ജോസഫ് സ്വാഗതവും ടി.പി. മുനീറുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.