ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ലിംഗായത്ത് കേന്ദ്രങ്ങളിൽ സന്ദർശനവും റാലിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞായറാഴ്ച ലിംഗായത്ത് ആചാര്യൻ ബസവേശ്വരയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സമാധി സ്ഥലമായ ബാഗൽകോട്ടിലെ കുടലസംഗമയിലെത്തിയ രാഹുൽ ഗാന്ധി, സംഗമനാഥ ക്ഷേത്രത്തിൽ ഐക്യ ലിംഗ ദർശനം നടത്തി.
ഡൽഹിയിൽനിന്ന് വിമാനമാർഗം ഹുബ്ബള്ളിയിലെത്തിയ രാഹുലിനെ സ്വീകരിക്കാൻ അടുത്തിടെ പാർട്ടിയിലെത്തിയ മുൻ ബി.ജെ.പി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും എത്തിയിരുന്നു. ഷെട്ടാറുമായി രാഹുൽ പ്രത്യേകം കൂടിക്കാഴ്ച നടത്തി. പിന്നീട് ഉത്സവ സമിതി സംഘടിപ്പിച്ച ബസവ ജയന്തി ആഘോഷത്തിൽ പങ്കെടുത്തു. കുടലസംഗമ ദസോഹ ഭവനിൽനിന്ന് പ്രസാദവും കഴിച്ചു. നിരവധി ലിംഗായത്ത് മഠാധിപതികൾ രാഹുലിനൊപ്പം ചടങ്ങിൽ സംബന്ധിച്ചു.
രാജ്യത്ത് ജനാധിപത്യത്തിനും പാർലമെന്ററി ജനാധിപത്യത്തിനും തുടക്കമിട്ട ബസവണ്ണയുടെ സംഭാവനകൾ രാഹുൽ ഗാന്ധി എണ്ണിപ്പറഞ്ഞു. ഭയമില്ലാതെ അദ്ദേഹം സത്യം വിളിച്ചുപറഞ്ഞു. സമൂഹത്തിനു മുന്നിൽ സത്യം പറയുക എന്നത് എളുപ്പമല്ല. എന്നിട്ടും അദ്ദേഹം അത് തുടർന്നുവെന്നും അതുകൊണ്ടാണ് ബസവണ്ണ ഇപ്പോഴും ആദരിക്കപ്പെടുന്നതെന്നും രാഹുൽ പറഞ്ഞു. വിജയപുരയിൽ ഛത്രപതി ശിവജിയുടെ പ്രതിമയിൽ പൂമാലയർപ്പിച്ച ശേഷമായിരുന്നു രാഹുലിന്റെ നേതൃത്വത്തിൽ റോഡ് ഷോ അരങ്ങേറിയത്.
ബി.ജെ.പിയുടെ വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ ലക്ഷ്യമിട്ടാണ് കർണാടകയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ജഗദീഷ് ഷെട്ടാറിന് പുറെമ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി അടക്കമുള്ള ബി.ജെ.പിയിലെ ലിംഗായത്ത് നേതാക്കളിൽ പലരെയും കൂടെ നിർത്തിയാണ് കോൺഗ്രസ് പ്രചാരണം നയിക്കുന്നത്. ബസവ ജയന്തി ദിനത്തിലെ രാഹുലിന്റെ സന്ദർശനവും ഇതിെന്റ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.