ബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ട് കർണാടക ലോകായുക്ത നടത്തിയ റെയ്ഡിൽ കോടികളുടെ സ്വത്ത് കണ്ടെത്തി. ബി.ബി.എം.പി ടൗൺ പ്ലാനിങ് അസിസ്റ്റന്റ് ഡയറക്ടർ ഗംഗാധരയ്യയുടെ മഹാലക്ഷ്മി ലേഔട്ടിലെ വസതിയിലും ഓഫിസിലുമടക്കം ഏഴ് കേന്ദ്രങ്ങളിലായി തിങ്കളാഴ്ച രാവിലെയായിരുന്നു റെയ്ഡ്. ഒരു കോടിയുടെ സ്വർണവും വെള്ളിയും വജ്രവും 1.44 കോടി രൂപ പണമായും കണ്ടെടുത്തു. വിദേശ കറൻസിയും പിടിച്ചെടുത്തു. ബംഗളൂരു നഗരത്തിൽ യെലഹങ്ക, ഹെബ്ബാൾ, ജെ.സി നഗർ എന്നിവിടങ്ങളിലായി ഇയാൾക്ക് 12 വസതികളുണ്ട്. നെലമംഗലയിൽ 1.5 കോടി വിലവരുന്ന അഞ്ചേക്കർ ഭൂമിയും മല്ലേശ്വരത്ത് 3.65 കോടി വിലവരുന്ന സ്ഥലവും ഉള്ളതായി ലോകായുക്ത കണ്ടെത്തി. പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് അനധികൃത ആസ്തിയുമായി ബന്ധപ്പെട്ട് ഗംഗാധരയ്യക്കെതിരെ റെയ്ഡ് നടത്തിയതായും സ്വർണവും ജ്വല്ലറിയും പണവും മറ്റു രേഖകളും പിടിച്ചതായും ലോകായുക്ത എസ്.പി പൊലീസ് സ്ഥിരീകരിച്ചു. 15 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു.
ബി.ജെ.പി സർക്കാറിന്റെ കാലത്തെ അഴിമതിയുടെ നേർരേഖയാണ് റെയ്ഡിൽ വെളിപ്പെട്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജെവാല എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 40 ശതമാനം കമീഷൻ സർക്കാറിന്റെ മികച്ച തെളിവാണിത്. പിടിച്ചെടുത്തവയുടെ ചിത്രങ്ങൾ അഴിമതിയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്. ബംഗളൂരു വികസന മന്ത്രിയുടെ മൂക്കിന് താഴെയാണ് അഴിമതി നടന്നത്. ‘ബി കാത്ത ’ കാറ്റഗറിയിലെ വസ്തുക്കൾ ശരിയാക്കി നൽകുമെന്ന് 40 ശതമാനം കമീഷൻ സർക്കാർ ജനങ്ങൾക്ക് വാക്കുനൽകുകയും നിസ്സഹായരായ ജനങ്ങളെ ഇത്തരത്തിൽ കൊള്ളയടിക്കുകയും ചെയ്യുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.