ബംഗളൂരു: ഓണത്തിന് നാട്ടിലേക്ക് മടങ്ങാൻ റെയിൽവേ റിസർവേഷൻ ആരംഭിച്ചു. ഓണത്തിന് തൊട്ടുമുമ്പുള്ള സെപ്റ്റംബർ 12, 13 തീയതികളിലാണ് നാട്ടിലേക്ക് ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്നത്.
ഇതിൽ 12ാം തീയതിയിലേക്കുള്ള ബുക്കിങ്ങാണ് ബുധനാഴ്ച തുടങ്ങിയത്. 13ാം തീയതിയിലേക്കുള്ള ബുക്കിങ് വ്യാഴാഴ്ച ആരംഭിക്കും. 12ന് രാവിലെ 6.10ന് എറണാകുളം ഇന്റർസിറ്റി, ഉച്ചക്ക് 3.20ന് യശ്വന്ത്പുർ-കൊച്ചുവേളി എ.സി എക്സ്പ്രസ്, വൈകീട്ട് 4.35ന് മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് (കെ.എസ്.ആർ സ്റ്റേഷനിലെത്തുന്ന സമയം), രാത്രി എട്ടിന് യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് (പാലക്കാട് വഴി), 8.10ന് കെ.എസ്.ആർ ബംഗളൂരു - കന്യാകുമാരി എക്സ്പ്രസ്, 9.35ന് കെ.എസ്.ആർ ബംഗളൂരു - കണ്ണൂർ എക്സ്പ്രസ് (ഹാസൻ, മംഗളൂരു വഴി) എന്നിവയാണ് ബംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ളത്. സെപ്റ്റംബർ 13ന് പ്രതിദിന സർവിസുകളായ എറണാകുളം ഇന്റർസിറ്റി, കന്യാകുമാരി എക്സ്പ്രസ്, യശ്വന്ത്പുർ - കണ്ണൂർ എക്സ്പ്രസ്, കെ.എസ്.ആർ ബംഗളൂരു - കണ്ണൂർ എക്സ്പ്രസ്, മൈസൂരു - കൊച്ചുവേളി എക്സ്പ്രസ് എന്നിവക്കു പുറമെ വൈകീട്ട് ഏഴിന് എസ്.എം.വി.ടി ബംഗളൂരു - കൊച്ചുവേളി ഹംസഫർ എക്സ്പ്രസുമുണ്ട്. കേരള, കർണാടക ആർ.ടി.സി ബസുകൾ ഒരു മാസം മുമ്പാണ് റിസർവേഷൻ തുടങ്ങുക.
ഓണത്തിരക്ക് പരിഹരിക്കാൻ റെയിൽവേയും കേരള, കർണാടക ആർ.ടി.സികളും യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന സമയക്രമത്തിൽ നേരത്തേ സ്പെഷ്യൽ സർവിസുകൾ പ്രഖ്യാപിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. കോയമ്പത്തൂർ-ബംഗളൂരു ഡബ്ൾ ഡെക്കർ എ.സി ഉദയ് എക്സ്പ്രസ് പൊള്ളാച്ചി വഴി പാലക്കാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായുള്ള ട്രയൽ റൺ കഴിഞ്ഞ മാസം നടന്നിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും അന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.