ബംഗളൂരു- മൈസൂരു ഹൈവേ വെള്ളത്തിൽ മുങ്ങി; വാഹനങ്ങൾ വഴി തിരിച്ചുവിട്ടു

ബംഗളൂരു: തുടർച്ചയായി പെയ്ത കനത്ത മഴയിൽ തടാകങ്ങൾ കരകവിഞ്ഞൊഴുകിയതും ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയും കാരണം മൈസൂരു- ബംഗളൂരു പാതയിൽ മൂന്നാം ദിനവും വെള്ളക്കെട്ടൊഴിഞ്ഞില്ല. രാമനഗരയിൽ വെള്ളക്കെട്ട് കാരണം ദേശീയ പാതയിൽനിന്ന് വാഹനങ്ങൾ ഹുളിയൂർ ദുർഗ- മാഗഡി റൂട്ട് വഴി തിരിച്ചുവിട്ടു.

മദ്ദൂർ അഡിഗ ഹോട്ടലിന് സമീപം ദേശീയപാതയിൽ ബാരിക്കേഡ് തീർത്താണ് പൊലീസ് ഗതാഗതം നിയന്ത്രിച്ചത്. ബംഗളൂരുവിൽനിന്ന് മൈസൂരു ഭാഗത്തേക്കുള്ള യാത്രക്കാർ കനകപുര, കുനിഗൽ റൂട്ടുകളാണ് ഉപയോഗപ്പെടുത്തിയത്. യാത്രക്കാരോട് മൈസൂരു- ബംഗളൂരു പാത വിട്ട് യാത്ര ചെയ്യാൻ പൊലീസ് മുന്നറിയിപ്പ് നൽകി. നിർമാണം നടക്കുന്ന ദേശീയപാതയിലെ അടിപ്പാതകളിലെ വെള്ളക്കെട്ടിൽ വാഹനങ്ങൾ മുങ്ങിക്കിടക്കുന്നതി​ന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

വെള്ളക്കെട്ടിൽ കുടുങ്ങിയ ബസിൽനിന്ന് എമർജൻസി ഡോർ വഴിയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള 50 ഓളം യാത്രികരെ രക്ഷപ്പെടുത്തിയത്. പണി പൂർത്തിയാക്കി ഒക്ടോബറിൽ എക്സ്പ്രസ് വേ തുറക്കാനിരിക്കെയാണ് നിർമാണത്തിലെ അശാസ്ത്രീയത വെളിപ്പെടുത്തി കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ദേശീയപാതക്കരികിലെ കനാലുകളും തോടുകളും മതിയായ രീതിയിൽ സംരക്ഷിക്കാതെയും നീരൊഴുക്ക് തടസ്സപ്പെടുത്തിയുമാണ് പാതയുടെ നിർമാണപ്രവർത്തനമെന്നാണ് ആരോപണം. മൈസൂരു- ബംഗളൂരു പാതയിലെ ഗതാഗത നിയന്ത്രണം നിരവധി മലയാളി യാത്രക്കാരെയടക്കം വലച്ചു.

മൈസൂരു, കൊപ്പാൽ, ബെള്ളാരി ജില്ലകളിലായി മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ചു. ആയിരക്കണക്കിന് ഏക്കർ കൃഷിയിടം വെള്ളത്തിൽ മുങ്ങി. തടാകങ്ങൾ കരകവിഞ്ഞൊഴുകിയതും ചില തടാകങ്ങളുടെ ബണ്ട് തകർന്നതും വെള്ളക്കെട്ടിനിടയാക്കി.

മൈസൂരു- ബംഗളൂരു എക്സ്പ്രസ് വേ വെള്ളക്കെട്ടിലായത് ചൂണ്ടിക്കാട്ടി കേന്ദ്ര റോഡ്- ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയെ ടാഗ് ചെയ്ത് പലരും ട്വീറ്റ് ചെയ്തു. എക്സ്പ്രസ് വേയിലെ മിക്ക അടിപ്പാതകളും വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. അടിപ്പാതകളിൽ കാറുകൾ മുങ്ങിക്കിടക്കുന്നതടക്കമുള്ള വിഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചാണ് പലരുടെയും ട്വീറ്റ്. പാതയുടെ നിർമാണപ്രവൃത്തി നിലവാരമില്ലാതെയാണ് ചെയ്തതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

'നിധിൻ ഗഡ്കരി സർ, ബംഗളൂരു- മംഗളൂരു എക്സ്പ്രസ് വേയിൽ രാമനഗര ഭാഗത്ത് അഴുക്കുചാലുകളുടെ സ്ഥിതി ശോചനീയമാണ്. വെള്ളം പൂർണമായും അടിപ്പാതകളിലും റോഡുകളിലും നിറഞ്ഞിരിക്കുന്നു. വാഹനങ്ങൾ മുങ്ങിക്കിടക്കുന്നു'- തരംഗ് എന്നയാൾ ട്വീറ്റ് ചെയ്തു.

കർണാടകയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിരവധി ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെ​ല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, മൈസൂരു, മാണ്ഡ്യ, ബെളഗാവി, ഗദക്, കൊപ്പാൽ, ഹാവേരി, ധാർവാഡ്, ബെള്ളാരി, ദാവൻകരെ, ചിത്രദുർഗ, തുമകൂരു, ചിക്കബല്ലാപുര, കോലാർ, രാമനഗര ജില്ലകളിലാണ് യെല്ലോ അലർട്ട്. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Tags:    
News Summary - Rain fury: Bengaluru-Mysuru highway flooded again, Ramanagara submerged as Kanva river overflows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.