ബംഗളൂരു: കോൺഗ്രസ് നേതാവ് ഡോ. സയ്യിദ് നസീർ ഹുസൈൻ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ ‘പാകിസ്താൻ സിന്ദാബാദ്’ വിളിച്ചു എന്ന ആരോപണവുമായി ബി.ജെ.പി രംഗത്ത്. ചില പ്രാദേശിക ചാനലുകൾ പുറത്തുവിട്ട വിഡിയോ അവലംബിച്ചാണിത്. വിഡിയോയുടെ നിജസ്ഥിതി അറിയാൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഈ പ്രശ്നം ഉയർത്തി സംസ്ഥാന വ്യാപകമായി ബുധനാഴ്ച ബി.ജെ.പി പ്രവർത്തകർ കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫിസുകളിലേക്ക് മാർച്ച് നടത്തി. ബംഗളൂരുവിൽ വിധാൻ സൗധ പൊലീസ് സ്റ്റേഷന് മുന്നിൽ ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധം സംഘടിപ്പിച്ചു. മൂന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചതായി ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. ബംഗളൂരു സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ എച്ച്.ടി. ശേഖർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ. ഹിതേന്ദ്ര സന്ദർശിച്ച് വിവരങ്ങൾ കൈമാറിയതിനെത്തുടർന്നാണ് ആഭ്യന്തര മന്ത്രി മാധ്യമങ്ങളെ കണ്ടത്. പാകിസ്താൻ സിന്ദാബാദ് വിളിയുമായി ബന്ധപ്പെട്ട് വിധാൻ സൗധ പൊലീസ് സബ് ഇൻസ്പെക്ടർ അജ്ഞാത വ്യക്തിക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ബംഗളൂരു: പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം തന്റെ വിജയവുമായി ബന്ധപ്പെട്ട് ആരും മുഴക്കിയതായി കേട്ടില്ലെന്ന് കോൺഗ്രസ് രാജ്യസഭ അംഗം ഡോ.സയ്യിദ് നസീർ ഹുസൈൻ പറഞ്ഞു. തന്റെ പേരുവിളിച്ചും സാഹിബ് ചേർത്തും കോൺഗ്രസിനുമാണ് സിന്ദാബാദ് വിളി ഉയർന്നത്. ചാനലുകളിൽ അങ്ങനെ കാണുന്നുവെന്ന് രാത്രി വീട്ടിൽ എത്തിയപ്പോൾ പലരും വിളിച്ചറിയിച്ചു. അങ്ങനെ ആരെങ്കിലും മുദ്രാവാക്യം മുഴക്കിയെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരുക തന്നെ വേണം. മോർഫ് ചെയ്തതാണോ എന്ന അന്വേഷണം നടക്കട്ടെ. ഇനി ഏതെങ്കിലും കോണിൽ നിന്ന് അത്തരം വിളി ഉയർന്നെങ്കിൽ അയാളുടെ പിന്നിൽ ആരെന്നും കണ്ടെത്തണമെന്ന് നസീർ ഹുസൈൻ പറഞ്ഞു.
ബി.ജെ.പി പ്രക്ഷോഭകർ ഡിവൈ.എസ്.പിയുടെ മൂക്കിനിടിച്ചു
ബംഗളൂരു: തുമകൂരുവിൽ ബി.ജെ.പി നടത്തിയ കോൺഗ്രസ് ഓഫിസ് മാർച്ച് അക്രമാസക്തമായി. ഡി.സി.സി ഓഫിസിലേക്ക് കല്ലെറിയുന്നത് തടഞ്ഞ ഡിവൈ.എസ്.പി ചന്ദ്രശേഖറിന്റെ മൂക്കിന് ബി.ജെ.പിക്കാരുടെ ഇടിയിൽ പരിക്കേറ്റു. ഭദ്രമ്മ സർക്കിളിൽ പൊലീസ് വലയം ഭേദിച്ചും ബാരിക്കേഡുകൾ മറിച്ചിട്ടും മുന്നോട്ടാഞ്ഞ ബി.ജെ.പിക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഉഡുപ്പിയിൽ യശ്പാൽ സുവർണ എം.എൽ.എയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫിസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തു.
മംഗളൂരു: ഡോ.സയ്യിദ് നസീർ ഹുസൈന്റെ രാജ്യസഭ അംഗത്വ വിജയം പാകിസ്താൻ സിന്ദാബാദ് വിളിച്ച് ആഘോഷിച്ച സംഭവത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് വിടണമെന്ന് കേന്ദ്ര സഹമന്ത്രി ശോഭ കാറന്ത് ലാജെ ആവശ്യപ്പെട്ടു. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുമ്പോൾ പൊലീസ് ഇടപെട്ടില്ല എന്നത് ഗൗരവത്തോടെ കാണണം. സത്യം പുറത്തു കൊണ്ടുവരാൻ എൻ.ഐ.എ അന്വേഷണത്തിനാണ് സാധിക്കുക എന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.