മംഗളൂരു: ക്ലാസിൽ പഠിപ്പിക്കുന്നതിനിടെ ശ്രീരാമനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് അധ്യാപികയെ സസ്പെൻഡ് ചെയ്തു. മംഗളൂരു ജെറോസ സ്കൂൾ അധ്യാപിക സിസ്റ്റർ പ്രഭക്കെതിരെയാണ് ക്രിസ്ത്യൻ മാനേജ്മെന്റിന്റെ നടപടി. കർമമാണ് ആരാധന എന്ന വിഷയത്തിൽ നടത്തിയ ക്ലാസിലാണ് അയോധ്യയിലെ രാമക്ഷേത്രവും രാമനും മോദിയും പരാമർശിച്ചത്. ഇത് പുറത്തെത്തിയതോടെ രക്ഷിതാക്കളും ബി.ജെ.പിയും പ്രതിഷേധിച്ച് രംഗത്തുവന്നു.
മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. മംഗളൂരു സൗത്ത് എം.എൽ.എയും ബി.ജെ.പി നേതാവുമായ വേദവ്യാസ് കാമത്ത് സ്കൂളിൽ എത്തി അധികൃതരെ താക്കീത് ചെയ്തു. ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിളൻ, ജില്ല വിദ്യാഭ്യാസ ഓഫിസർ തുടങ്ങിയവരും സ്കൂൾ സന്ദർശിച്ചു. ആരോപണവിധേയയായ അധ്യാപികയെ സസ്പെൻഡ് ചെയ്തതായി അറിയിച്ച പ്രിൻസിപ്പൽ നടപടിയുടെ പകർപ്പ് നോട്ടീസ് ബോർഡിൽ പതിച്ചു. 60 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടില്ലെന്ന് അറിയിച്ച പ്രിൻസിപ്പൽ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.