ബംഗളൂരു: ഐ.പി.എല്‍ ക്വാളിഫയർ കാണാതെ അപ്രതീക്ഷിതമായി പുറത്തായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ട്രോളി കെ.എസ്.ആർ.ടി.സി ഫാൻ പേജ്. ആർ.സി.ബിയുടെ മലയാളി ആരാധകരെ ട്രോളിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലും വൈറലായി. കപ്പ് പൊക്കാൻ പോയവരുടെ ശ്രദ്ധക്ക്… ബംഗളൂരുവിൽ നിന്നും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി എ.സി/നോൺ എ.സി സ്ലീപ്പർ/സെമി സ്ലീപ്പർ സൂപ്പർ ഫാസ്റ്റ് ബസുകള്‍ ലഭ്യമാണ് എന്നായിരുന്നു ട്രോള്‍.
കൂടുതല്‍ വിവരങ്ങൾക്ക് സന്ദർശിക്കാൻ പറഞ്ഞ് കെ.എസ്.ആർ.ടി.സിയുടെ ഓണ്‍ലൈൻ ബുക്കിങ് പ്ലാറ്റ്ഫോമിന്റെ ലിങ്കും പോസ്റ്റ് ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി കൊട്ടാരക്കര എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ബംഗളൂരു ട്രോള്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വൈറലായതോടെ ആർ.സി.ബി ആരാധകരും മറുപടികളുമായി രംഗത്തെത്തി.ചെന്നൈ ഉള്‍പ്പെടെയുളള ടീമുകളുടെ ആരാധകരും ഏറ്റുപിടിച്ചതോടെ പോസ്റ്റ് വൈറലാകുകയായിരുന്നു. ബംഗളൂരുവിൽനിന്ന് വരുന്നതൊക്കെ കൊള്ളാം ഡ്രൈവറോട് അധികം അഗ്രെഷൻ ഇല്ലാതെ വരാൻ പറയണം. ഇല്ലേല് ചിലരെ പോലെ ലക്ഷ്യസ്ഥാനത്ത് എത്തില്ല. മുമ്പേ തീരും, കപ്പ് പൊക്കുന്നതു വരെ ഇനി കെ.എസ്.ആർ.ടി.സിയില്‍ കേറില്ല -സാല ശംഭു എന്നിങ്ങനെയാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍. തിരിച്ചടിച്ച് ബംഗളൂരു ആരാധകരും കമന്റുകളില്‍ നിറഞ്ഞു.
ഗുജറാത്തില്‍ കളി നടന്നതിന് എന്തിനാടാ മണ്ടന്മാരെ ബംഗളൂരുവിൽനിന്ന് ബസ് വിടുന്നത്… വെറുതെയല്ല ഇവന്മാർ നന്നാകാത്തത്, ശമ്പളം ഒന്നും കിട്ടുന്നില്ലേ, ആദ്യം റോഡില്‍ മര്യാദക്ക് വണ്ടി ഓടിക്കൂ എന്നിട്ട് കപ്പ് പൊക്കാമെന്നുമാണ് മറുപടി കമന്റുകള്‍. രാജസ്ഥാൻ റോയല്‍സിനോട് നാല് വിക്കറ്റിന് തോറ്റാണ് ക്വാളിഫയർ കാണാതെ ആർ.സി.ബി പുറത്തായത്. തോല്‍വിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ബുധനാഴ്ച മുതല്‍ ബംഗളൂരുവിനെ ട്രോളി ആരാധകരുടെ പോരും തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.