ബംഗളൂരു: കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിനു നേരെ ഹമാസ് സായുധ പോരാളികൾ നടത്തിയ ആക്രമണം 76 വർഷമായി അനുഭവിച്ച അടിച്ചമർത്തലിനെതിരായ പ്രതികരണമായിരുന്നുവെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽ-ഹിജ പറഞ്ഞു.
ബംഗളൂരുവിൽ ഓൾ ഇന്ത്യ ട്രേഡ് യൂനിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി) സംഘടിപ്പിച്ച `ഇന്ത്യ-ഫലസ്തീൻ ഐക്യദാർഢ്യം' ചർച്ച സമ്മേളനത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തെ ഒറ്റപ്പെട്ട സംഭവമായി വിലയിരുത്താൻ ചരിത്രം അനുവദിക്കുന്നില്ല. നാലായിരത്തിലേറെ റോക്കറ്റുകൾ തൊടുത്തു വിട്ടാണ് വിഖ്യാത അയൺഡോമിന്റെ പ്രതിരോധം മറികടന്ന് ഇസ്രയേലിൽ ആൾനാശമുണ്ടാക്കിയത്.
‘ഓപറേഷൻ അൽ അഖ്സ ഫ്ലഡ്’ എന്നായിരുന്നു ഹമാസ് ആ ഓപറേഷനു നൽകിയ പേര്. ഗസ്സയെ ഉപരോധിക്കുന്ന മനുഷ്യത്വ വിരുദ്ധ സമീപനത്തിന് പുറമെ മസ്ജിദുൽ അഖ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളോടും അറസ്റ്റുകളോടും കുടിയൊഴിപ്പിക്കലുകളോടുമുള്ള പ്രതികരണമായിരുന്നു അതെന്ന് അംബാസഡർ പറഞ്ഞു.
കാമ്പസ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി, സ്ത്രീ അവകാശ പോരാളി മനു എന്നിവർ മോഡറേറ്റർമാരായി. ഇന്ത്യ-ഫലസ്തീൻ ഐക്യദാർഢ്യ വേദി പ്രസിഡന്റ് ഡോ. സുനിലൻ, സെക്രട്ടറി ഫെറോസ് മിതിബോർവാല, കവിയും എഴുത്തുകാരനുമായ ശിവസുന്ദർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.