ബംഗളൂരു: ജനുവരി 28ന് പാലസ് ഗ്രൗണ്ടിലെ ശംസുൽ ഉലമ നഗറിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പങ്കെടുക്കും. ബുധനാഴ്ച സമസ്ത നേതാക്കളടങ്ങുന്ന സംഘം മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും സന്ദർശിച്ചു.
സ്പീക്കർ യു.ടി. ഖാദർ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, വഖഫ് മന്ത്രി ബി.ഇസഡ്. സമീർ അഹ്മദ് ഖാൻ, എൻ.എ. ഹാരിസ് എം.എൽ.എ, കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാട് തുടങ്ങി മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ മുൻനിര നേതാക്കളും പണ്ഡിതന്മാരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. 2026 ഫെബ്രുവരിയിലാണ് നൂറാം വാർഷിക സമാപന സമ്മേളനം നടക്കുക. ആഗോളതലത്തിലേക്ക് സമസ്തയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉദ്ഘാടന സമ്മേളനം ബംഗളൂരുവിൽ സംഘടിപ്പിക്കുന്നത്.
ഒരു ലക്ഷത്തിൽപരം ആളുകൾക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി വരുന്നതായും സംഘാടകർ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുൽ ഖാദർ ഉസ്താദിന്റെ നേതൃത്വത്തിൽ സ്വാഗതസംഘം ഭാരവാഹികളായ ഇസ്മയിൽ കുഞ്ഞു ഹാജി മാന്നാർ, കെ. മോയിൻകുട്ടി മാസ്റ്റർ, സിദ്ദീഖ് തങ്ങൾ, എ.കെ. അഷ്റഫ് ഹാജി, പി.എം. ലത്തീഫ് ഹാജി, വി.കെ. അബ്ദുൽ നാസർ ഹാജി, താഹിർ മിസ്ബാഹി, സി.എച്ച്. അബു, ഫൈസൽ അക്കുറ, സാദിഖ് ബി.ടി.എം, യൂസുഫ് മുണ്ടെല എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.