ബംഗളൂരു: സംസ്ഥാനത്തെ പിന്നാക്ക ജില്ലയായ ചാമരാജ്നഗറിൽ സ്കൂളുകളിൽ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് കൂടുന്നു. 634 കുട്ടികൾ ഈയടുത്ത് സ്കൂൾപഠനം നിർത്തിയതായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നു. പ്രധാനാധ്യാപകരുടെ മേൽനോട്ടത്തിൽ അധ്യാപകരാണ് സർവേ നടത്തിയത്. ചാമരാജനഗർ താലൂക്കിലാണ് ഏറ്റവുമധികം കുട്ടികൾ പഠനം നിർത്തിയത്. ഇവിടെ 252 കുട്ടികൾ പഠനം നിർത്തി. ഗുണ്ടൽപേട്ട്-135, ഹാനൂർ-128, കൊല്ലഗൽ-70, യെലന്തൂർ-49 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്.
ആറുമുതൽ 14 വയസ്സു വരെയുള്ള കുട്ടികളാണ് ഇവരെല്ലാവരും. ഇവരിൽ 403 പേർ ആൺകുട്ടികളും 231 പേർ പെൺകുട്ടികളുമാണ്. ദാരിദ്ര്യം, രക്ഷിതാക്കളുടെ മരണം, സ്കൂളിലേക്കുള്ള ദൂരക്കൂടുതൽ, പഠനത്തോട് രക്ഷിതാക്കൾക്കുള്ള താത്പര്യമില്ലായ്മ തുടങ്ങിയവയാണ് കാരണങ്ങളെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പഠനത്തോട് താൽപര്യമില്ലാത്തതു കാരണം പഠനം നിർത്തിയവരും ഇക്കൂട്ടത്തിലുണ്ട്. പഠനം അവസാനിപ്പിച്ചവരിൽ ഭൂരിഭാഗവും വീട്ടുജോലികളിലോ കാർഷികവൃത്തിയിലോ രക്ഷിതാക്കളെ സഹായിക്കുന്നു. കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.