കാർ യാത്രയിൽ സീറ്റ് ബെൽറ്റ് നിർബന്ധം; ലംഘിക്കുന്നവർക്ക് 1000 രൂപ പിഴ

ബംഗളൂരു: കർണാടകയിൽ ഇനി മുതൽ എല്ലാ കാർ യാത്രികർക്കും സീറ്റ് ബെൽറ്റ് നിർബന്ധം. ഡ്രൈവർ, മുൻ സീറ്റിലിരിക്കുന്നവർ, പിൻ സീറ്റിലുള്ളവർ തുടങ്ങി എല്ലാവർക്കും സീറ്റ്ബെൽറ്റ് നിർബന്ധമാക്കി പൊലീസ് ഉത്തരവിറക്കി. ലംഘിക്കുന്നവർക്ക് 1000 രൂപ പിഴശിക്ഷ ലഭിക്കും.

എം-1 വിഭാഗത്തിലുള്ള ഡ്രൈവർ സീറ്റ് അടക്കം എട്ട് സീറ്റുകളുള്ള യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങളാണ് പുതിയ ഉത്തരവിന്‍റെ പരിധിയിൽ വരുക. എസ്.യു.വികൾ, എം.യു.വികൾ, സാധാരണ കാറുകൾ തുടങ്ങിയവ ഇതിന്‍റെ പരിധിയിൽ വരും.

അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എ.ഡി.ജി.പി- റോഡ് സേഫ്റ്റി) ആർ. ഹിതേന്ദ്രയാണ് ഉത്തരവിറക്കിയിരിക്കുന്നത്. എല്ലാ ജില്ല പൊലീസ് മേധാവികളും ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഒക്ടോബർ 18ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.

കേന്ദ്ര റോഡ് ഗതാഗത -ഹൈവേ മന്ത്രാലയം കഴിഞ്ഞ ആഗസ്റ്റ് ആദ്യത്തിൽ എല്ലാ കാർ യാത്രികർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കർണാടകയും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരിക്കുന്നത്.

1988 ലെ മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 194 ബി പ്രകാരമായിരുന്നു കേന്ദ്രം സെപ്റ്റംബർ 19ന് ഉത്തരവ് നൽകിയത്. ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാറപകടത്തിൽ മരിച്ചതിനെ തുടർന്നായിരുന്നു കേന്ദ്രത്തിന്‍റെ ഉത്തരവ്.

അപകട സമയത്ത് മിസ്ത്രി കാറിന്റെ പിൻ സീറ്റിൽ സീറ്റ് ബെൽറ്റ് ഇല്ലാതെയായിരുന്നു യാത്ര ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സീറ്റ് ബെൽറ്റുകൾ യാത്രക്കാർക്ക് ഊരാനും ബന്ധിപ്പിക്കാനും എളുപ്പത്തിൽ കഴിയുന്ന രൂപത്തിലായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Seat belt in car is Mandatory -Violators will be fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.