ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ പ്രതിപക്ഷ നീക്കത്തിനെതിരെ ദലിത്, പിന്നാക്ക വർഗ സന്യാസിമാർ.
സിദ്ധരാമയ്യക്ക് നിരുപാധികം ധാർമിക പിന്തുണ പ്രഖ്യാപിക്കുന്നതായി അവർ അറിയിച്ചു. ഞായറാഴ്ച സന്യാസിമാരുടെ പ്രതിനിധി സംഘം ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽകണ്ടാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയെയും കോൺഗ്രസ് സർക്കാറിനെയും താഴെയിറക്കാൻ കേന്ദ്ര സർക്കാറും രാജ്ഭവനും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണമെന്നും ഇതിൽ ശക്തമായി അപലപിക്കുന്നതായും അവർ പറഞ്ഞു. കാഗിനെലെ കനകഗുരു പീഠത്തിലെ നിരഞ്ജനാനന്ദ സ്വാമിജി, ഹൊസദുർഗയിലെ ശ്രീ ജഗദ്ഗുരു കുഞ്ചിടിഗ മഹാസമസ്താന മഠത്തിലെ ശാന്തവീര മഹാസ്വാമിജി, ചിത്രദുർഗ ബോവി ഗുരുപീഠയിലെ ഇമ്മഡി സിദ്ധരാമേശ്വർ സ്വാമിജി, ചിത്രദുർഗ മദര ചെന്നയ്യ ഗുരുപീഠയിലെ ബസവമൂർത്തി മദര ചെന്നയ്യ മഹാസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗഹ്ലോട്ട് അനുമതി നൽകിയിരുന്നു. വിഷയത്തിൽ രാജിവെക്കുന്ന പ്രശ്നമില്ലെന്ന് വ്യക്തമാക്കിയ സിദ്ധരാമയ്യ ഗവർണറുടെ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അറിയിച്ചിരുന്നു.
ഇക്കാര്യത്തിൽ കോൺഗ്രസ് പൂർണ പിന്തുണ നൽകും. ഗവർണർ നൽകിയ വിചാരണ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ആഗസ്റ്റ് 19ന് കർണാടക ഹൈകോടതിയെ സമീപിച്ചിരുന്നു. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിക്ക് ഹൈകോടതി ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡർ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിർദേശം നൽകി. ആഗസ്റ്റ് 29ന് ഹരജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് നടപടി തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.