ബംഗളൂരു: ബംഗളൂരു -മൈസൂരു അതിവേഗ ദേശീയപാതയില്‍ ആകാശ നടപ്പാതകൾ നിർമിക്കാന്‍ ദേശീയപാത അതോറിറ്റി. എക്സ്പ്രസ് വേ എന്ന പേരിൽ 2023 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അതിവേഗ ദേശീയപാതയിൽ അപകടങ്ങള്‍ പതിവായതോടെയാണ് ആകാശ നടപ്പാതകൾകൂടി നിർമിക്കുന്നത്. 119 കിലോമീറ്ററാണ് പാതയുടെ ആകെ നീളം. ഇതിൽ 55 കിലോമീറ്റർ കടന്നുപോകുന്ന മാണ്ഡ്യ ജില്ലയിൽ 18 ആകാശ നടപ്പാതകൾ നിർമിക്കും.
മൈസൂരു, രാമനഗര, ബംഗളൂരു റൂറൽ ജില്ലകളിലായി 21 ആകാശ നടപ്പാതകളുമുണ്ടാവും. ഇവ നിർമിക്കേണ്ട സ്ഥലങ്ങൾ നിർണയിച്ചതായി ദേശീയപാത അധികൃതർ പറഞ്ഞു. കെട്ടിയടച്ച പാതയായതിനാൽ ഗ്രാമങ്ങളിൽ കർഷകരും ഗ്രാമീണരും റോഡിന്റെ മറുവശത്തെത്താൻ പ്രയാസപ്പെടുന്നു. മിക്കയിടങ്ങളിലും ദേശീയപാതയിലെ കമ്പിവേലി പൊളിച്ചനിലയിലാണ്. വേലി പൊളിച്ച് റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്നതിനാലാണ് മറുവഴി തേടുന്നത്.
അടിപ്പാതകളുണ്ടെങ്കിലും എല്ലാ ഗ്രാമങ്ങളിലും ഇവ നിർമിക്കുന്നത് പ്രായോഗികമല്ല. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും രൂപരേഖയും തയാറായിക്കഴിഞ്ഞു. ഒരു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. 63 അടി നീളവും 3.5 മീറ്റര്‍ വീതിയുമുള്ള മേൽപാലങ്ങളാണ് നിർമിക്കുക. വാഹനങ്ങള്‍ക്ക് 100 കിലോമീറ്റര്‍ വേഗപരിധി ഏര്‍പ്പെടുത്തുകയും ബൈക്കുകള്‍, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
പാതയിൽ മൈസൂരുവിലെ മണിപ്പാൽ ഹോസ്പിറ്റൽ സർക്കിളിൽ ഗതാഗതക്കുരുക്ക് പതിവായതിനാൽ പുതിയ ജങ്ഷൻ രൂപകൽപന ചെയ്യാൻ തീരുമാനമായിട്ടുണ്ട്. ഇതിന് ഭൂമിയേറ്റെടുക്കാനും ആകാശ നടപ്പാതക്കും ജങ്ഷൻ നിർമാണത്തിനുമായി 1000 കോടി രൂപ വേണമെന്നാണ് ദേശീയപാത എൻജിനീയറുടെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.