ബംഗളൂരു: സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ ദക്ഷിണേന്ത്യൻ നേതൃയോഗവും ഫാഷിസ്റ്റ് വിരുദ്ധ കൺവെൻഷനും ഒക്ടോബർ 29ന് ബംഗളൂരു ഗാന്ധിനഗറിൽ നടക്കും. കൺവെൻഷൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പാർട്ടി ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ് അധ്യക്ഷത വഹിക്കും.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പാണ്ഡെ, കർണാടക മന്ത്രിമാരായ ദിനേശ് ഗുണ്ടുറാവു, സമീർ അഹ്മദ്, എച്ച്.സി. മഹാദേവപ്പ, മുൻ മന്ത്രി ഡോ. ലളിത നായ്ക്, മൈക്കൾ ഫെർണാണ്ടസ്, നൂറുൽ അമീൻ, പ്രഫ. ശ്യാംഗംഭീർ, മനോജ് ടി. സാരംഗ്, പ്രഫ. ഹനുമന്ത തുടങ്ങിയ നേതാക്കളും പങ്കെടുക്കും.
സോഷ്യലിസ്റ്റ് വീക്ഷണമുള്ള രാഷ്ട്രീയപാർട്ടികളെ യോജിപ്പിച്ച് ഇൻഡ്യ മുന്നണിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടികളുടെ ഭാഗമാണ് സമ്മേളനം. നവംബർ മാസത്തിൽ ഡൽഹിയിൽ ഉത്തര മേഖല കൺവെൻഷൻ നടത്തും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളുടെ സംഗമം കർണാടക സംസ്ഥാന പ്രസിഡന്റും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ മൈക്കൾ ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും.
കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.