മംഗളൂരു: കൃഷിഭൂമിയിലും ജനവാസ കേന്ദ്രങ്ങളിലും കാട്ടാന ഇറങ്ങുന്നത് പ്രതിരോധിക്കാൻ ദക്ഷിണ കന്നട ജില്ലയിൽ വനം വകുപ്പ് സൗരോർജ തൂക്കു വേലികൾ വ്യാപിപ്പിക്കുന്നു. പരമ്പരാഗത വൈദ്യുതിവേലിയേക്കാൾ ഏറെ ഫലപ്രദവും ചെലവ് കുറഞ്ഞതുമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. സുള്ള്യ, സുബ്രഹ്മണ്യ, ബെൽത്തങ്ങാടി മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വിജയം കണ്ടിരുന്നു. സുള്ള്യയിൽ 2022-23ൽ ആറ് കിലോമീറ്റർ, സുബ്രഹ്മണ്യയിൽ മൂന്ന് കിലോമീറ്റർ, ഉപ്പിനങ്ങാടിയിൽ ഒരു കിലോമീറ്റർ എന്നിങ്ങനെയാണ് സ്ഥാപിച്ചത്. 2023-24ൽ ബെൽത്തങ്ങാടിയിൽ രണ്ട് കിലോമീറ്റർ, സുള്ള്യയിൽ അഞ്ച് കിലോമീറ്റർ, സുബ്രഹ്മണ്യയിൽ രണ്ട് കിലോമീറ്റർ എന്നിങ്ങനെയും സ്ഥാപിച്ചു. നടപ്പു സാമ്പത്തിക വർഷം സുബ്രഹ്മണ്യയിൽ നാല്, പുത്തൂരിൽ 4.18 എന്നിങ്ങനെ കിലോമീറ്ററുകളിൽ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നു.
നാഗർഹോളയിലും ബന്ദിപ്പൂരിലുമാണ് ആദ്യം സോളാർ തൂക്കുവേലികൾ സ്ഥാപിച്ചത്. പിന്നാലെ അജ്ജാവരയിലും പണിതതിലൂടെ വിജയമായെന്ന് സുള്ള്യ ഫോറസ്റ്റ് റേഞ്ച് ഓഫിസർ മഞ്ചുനാഥ് പറഞ്ഞു. ഇത്തരം വേലികൾ സ്ഥാപിക്കണമെന്നുള്ള ആവശ്യം വർധിക്കുകയാണെന്ന് സുബ്രഹ്മണ്യ റേഞ്ച് ഓഫിസർ വിമൽ ബാബു പറഞ്ഞു. കൂറ്റൻ ഇരുമ്പ് തൂണുകൾ നിശ്ചിത അകലത്തിൽ സ്ഥാപിച്ച് കുറുകെ കമ്പികെട്ടി വൈദ്യുതി വേലി തൂക്കിയിടുന്നതാണ് രീതി. വേലിയിൽ സ്പർശിക്കുമ്പോഴുള്ള നേരിയ ഷോക്കിൽ ആനകൾ പിന്മാറും. പരമ്പരാഗത വേലികൾ പോലെ ഇത് ആനകൾക്ക് നശിപ്പിക്കാൻ കഴിയില്ല. ഭൂനിരപ്പിൽനിന്ന് മൂന്നടി ഒഴിച്ചിട്ടാണ് വേലി തൂക്കിയിടുന്നത്. മറ്റു മൃഗങ്ങൾക്ക് വേലിയിൽ തട്ടാതെ കടന്നു പോവാനാവും.
തൂക്ക് സൗരോർജ വേലി സ്ഥാപിക്കാൻ കിലോമീറ്ററിന് 6.6 ലക്ഷം രൂപയാണ് ചെലവെന്ന് വനം അധികൃതർ പറഞ്ഞു. പരമ്പരാഗത രീതിക്ക് 1.2 കോടി രൂപയാണ് ചെലവ്.
അതേസമയം സൗരോർജ തൂക്കുവേലി പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വനം വകുപ്പും ചേർന്ന് നടപ്പാക്കാൻ കഴിയുമെന്ന് ദക്ഷിണ കന്നടയിലെ ഈ മേഖലകളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പറഞ്ഞു. കർണാടകയോട് ചേർന്നു കിടക്കുന്ന പഞ്ചായത്തുകളിൽ വർഷങ്ങളായി തുടരുന്ന കാട്ടാനകളുടെ അക്രമത്തിൽനിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്ത് തന്നെ ആദ്യമായി വനം വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണ് സൗരോർജ തൂക്കുവേലി പദ്ധതി നടപ്പാക്കിയത്. ദേലംപാടി, മുളിയാർ, കാറഡുക്ക, ബേഡകം, കുറ്റിക്കോൽ പഞ്ചായത്തുകളിൽ 29 കി.മീ. ദൂരത്തിൽ സോളാർ തൂക്കുവേലി സ്ഥാപിച്ചാണ് ഫലപ്രദമായി ആനകളെ പ്രതിരോധിക്കാൻ സാധിച്ചതെന്ന് സിജി മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.