ബംഗളൂരു: ബംഗളൂരുവിൽ നടന്ന ദക്ഷിണേന്ത്യ ശാസ്ത്ര നാടകോത്സവത്തിൽ വയനാട് മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച 'പ്രയാണം' ഒന്നാം സ്ഥാനം നേടി. ബംഗളൂരു കസ്തൂർബ റോഡിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയത്തിൽ നടന്ന മത്സരത്തിൽ കർണാടക സിർസിയിലെ ശ്രീ മാരികമ്പ ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച 'ദ സ്റ്റോറി ഓഫ് വാക്സിൻ' രണ്ടും പാലക്കാട് പട്ടാമ്പി പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അരങ്ങിലെത്തിച്ച 'ഡു യുവർ ബിറ്റ്' മൂന്നും സ്ഥാനം നേടി.
ആദ്യ രണ്ടു സ്ഥാനക്കാർ ജനുവരി അഞ്ച്, ആറ് തീയതികളിൽ ഇതേ വേദിയിൽ നടക്കുന്ന ദേശീയ ശാസ്ത്ര നാടകോത്സവത്തിൽ മാറ്റുരക്കും. 'പ്രയാണം' അണിയിച്ചൊരുക്കിയ രാജേഷ് കീഴത്തൂരാണ് മികച്ച സംവിധായകൻ. ഇതേ നാടകത്തിലെ അഭിനയത്തിന് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ ആൽഫ എലിസബത്ത് ബിനോയ് മികച്ച നടിയായും 'ഡു യുവർ ബിറ്റി'ലെ പ്രകടനത്തിന് വി. അക്ഷയ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്ര മുന്നേറ്റങ്ങളിലൂടെയുള്ള സഞ്ചാരമായാണ് 'പ്രയാണം' അരങ്ങിലെത്തിയത്. വൈറസ്കാലത്തെ ശാസ്ത്രം എങ്ങനെ നേരിട്ടുവെന്നതും മനുഷ്യകുലത്തിന്റെ നിലനിൽപിനായി ശാസ്ത്രം എങ്ങനെ ഇടപെടുന്നു എന്നുമുള്ള ഉണർത്തൽകൂടിയായിരുന്നു ഈ നാടകം. പത്മനാഭൻ ബ്ലാത്തൂരിന്റെ രചനയിൽ രാജേഷ് കീഴത്തൂർ അണിയിച്ചൊരുക്കിയ നാടകം സദസ്സിന് ഹൃദ്യമായ അനുഭവമായി. അർഷാദ് അൻവർ, സാരംഗ് ടി. രമേശ്, അലോണ മരിയ ബിനോയ്, ആൽഫ എലിസബത്ത് ബിനോയ്, ഗൗതം എസ്. കുമാർ, സൂരജ് എസ്., എം.കെ. അഹല്യ, നിവേദ്യ ആർ. കൃഷ്ണ എന്നിവർ വേഷമിട്ടു.
റീസൈക്ലിങ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ 'ഡു യുവർ ബിറ്റ്' എന്ന നാടകത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിച്ചത്. പാഠ്യപദ്ധതിയിലെ പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ നാടകം അരങ്ങിൽ ആവിഷ്കരിക്കുകയായിരുന്നു. എം.കെ. അനന്യ, പി. മുഹമ്മദ് മുബഷിർ, പി.കെ. ശ്രീഹരി, നയന ഭരത്, പി.വി. അവന്തിക, നവെന്ദു പ്രദീപ്, പി.എം. അനുചിത് എന്നിവരാണ് മറ്റു അഭിനേതാക്കൾ. സ്‍പേസ് തിയറ്ററിന്റെ സ്ക്രിപ്റ്റിൽ പി.ടി. ആബിദാണ് നാടകമൊരുക്കിയത്.
കർണാടക, തെലങ്കാന, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽനിന്നായി എട്ടു ടീമുകൾ മത്സരത്തിനെത്തി. നാടക നടനും സംവിധായകനുമായ ഡോ. ബി.വി. രാജാറാം ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് ഡയറക്ടർ പ്രഫ. അന്നപൂർണി സുബ്രഹ്മണ്യം, ഡോ. നാഗേഷ് വി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.