ബംഗളൂരു: ആദ്യ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) ഒരുക്കം തുടങ്ങി. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-മൂന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയ അഭിമാന സ്മരണയിലാണ് ദേശീയ ബഹിരാകാശദിനമായി രാജ്യം ആഘോഷിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 23നായിരുന്നു സോഫ്റ്റ്ലാൻഡിങ് നടന്നത്. രാജ്യവ്യാപകമായി ആഘോഷങ്ങളും ശാസ്ത്രപരിപാടികളും സംഘടിപ്പിക്കാൻ ഐ.എസ്.ആർ.ഒ തീരുമാനിച്ചിട്ടുണ്ട്.
‘ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു; ഇന്ത്യയുടെ ബഹിരാകാശ കഥ’ എന്നതാണ് ഇത്തവണത്തെ ബഹിരാകാശ ദിനത്തിന്റെ ഉള്ളടക്കം. ഐ.എസ്.ആർ.ഒ.യുടെ ആഘോഷപരിപാടികളിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാൻ അവസരമുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന ലോഗോ രൂപകൽപന ചെയ്യാൻ ഐ.എസ്.ആർ.ഒ പൊതുജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മേയ് 20നുമുമ്പായി ലോഗോ അയക്കണം.
nsd2024@isro.gov.in എന്ന വിലാസത്തിൽ അയക്കാം. ചന്ദ്രയാൻ-3, ആദിത്യ എൽ-1 തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയത് സമീപകാലത്ത് ഐ.എസ്.ആർ.ഒ.യുടെ അഭിമാന നേട്ടങ്ങളാണ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിനുള്ള പരീക്ഷണങ്ങൾ വിജയകരമായി നടപ്പാക്കിയതും ഇക്കാലയളവിലാണ്. എക്സ്പോസാറ്റ്, ഇൻസാറ്റ് തുടങ്ങിയ ഉപഗ്രഹങ്ങളും ഈ വർഷം ഐ.എസ്.ആർ.ഒക്ക് വിക്ഷേപിക്കാൻ സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.