മലയാളം മിഷൻ മൂന്നാം പാഠ്യപദ്ധതിയായ ആമ്പൽ വിദ്യാർഥികൾക്കായി 'കുന്നുകളുടെ കൂട്ടമരണം', 'ഒരു പാട്ടു പിന്നെയും' എന്നീ പാഠഭാഗങ്ങൾ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിച്ച പ്രകൃതിപഠന ക്യാമ്പിലെ അനുഭവങ്ങൾ പകർത്തുകയാണ് സഞ്ജയ് നഗർ കലാകൈരളി പഠനകേന്ദ്ര ത്തിലെ മൂന്ന് വിദ്യാർഥികൾ
നല്ല ഓർമകളുമായി ഒരു ഞായറാഴ്ച
മീര കൃഷ്ണ
എല്ലാ ഞായറാഴ്ചകളിലും പതിവായി ചെയ്യുന്ന പോലെതന്നെ, കുറെ കാര്യങ്ങൾ. അപ്പോൾ ഒരു ദിവസം എന്റെ മലയാളം അധ്യാപിക വസന്ത ടീച്ചർ ഒരു കാര്യം പറഞ്ഞു. മക്കളെ, നമ്മുടെ അടുത്ത പഠനം ഒരു ചെറിയ കാടുപോലെയുള്ള പ്രദേശത്തുവെച്ച് നടത്തുന്നു എന്ന്. കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം തോന്നി. അങ്ങനെ ആ ഞായറാഴ്ച ഞങ്ങൾ കുറച്ചുപേർ കാറിൽ അവിടേക്ക് പോയി. പ്രകൃതി എത്ര മനോഹരമാണ് എന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്.
ചെറുകാട്ടിൽ കിളികളുടെ ശബ്ദങ്ങൾ, വയലേലകൾ, വൈക്കോൽ കൂനകൾ, മേയുന്ന പശുക്കൾ, ചെടികൾ, മരങ്ങൾ, കിണർ, പിന്നെ ടോമി മാഷിന്റെ പ്രകൃതിപഠനവും ബുഷ്റ ടീച്ചറുടെ കവിതാലാപനവും എല്ലാം അതിമനോഹരമായിരുന്നു. പിന്നെ, കുറച്ച് കൊതുകുകടിയും കാൽതെന്നി വീണതും നല്ല ഓർമകളുമായി ആ ഞായറാഴ്ച കടന്നുപോയി. തിരിച്ചുവീട്ടിലെത്തിയത് അതീവ സന്തോഷത്തോടെ. ആ പിന്നെ, ഒരു പ്രധാന കാര്യം പറയാൻ വിട്ടുപോയി. ടോമി മാഷിന്റെ ചായയും നാലുമണി പലഹാരവും കൂടെയുണ്ടായിരുന്നു.
അറക്കാവതി പുഴയുടെ തീരത്ത് ഒരു ദിവസം
എസ്. ചൈതന്യ
16.10.22. അന്ന് ഒരു ഞായറാഴ്ച ദിവസമായിരുന്നു. ഏകദേശം ഒരു മണിയോടെ ഞങ്ങൾ ആമ്പൽ പഠന ക്ലാസിന്റെ ആദ്യത്തെ പ്രകൃതിപഠന ക്യാമ്പിലേക്ക് പുറപ്പെട്ടു. തർബനഹള്ളി ഹെസർഘട്ട റോഡിലെ അറക്കാവതി പുഴയും ഡാമും അവിടെയുള്ള ചെറിയ ഒരു കാട്ടിലേക്കുമായിരുന്നു ഞങ്ങളുടെ യാത്ര. ഏകദേശം രണ്ടു മണിയോടെ ഞങ്ങൾ അവിടെ ഒരു കല്യാണ മണ്ഡപത്തിന്റെ മുമ്പിൽ ഒത്തുകൂടി അവിടെ നിന്നും മറ്റു പഠനകേന്ദ്രങ്ങളിലെ കുട്ടികളോടൊപ്പം ടോമി മാഷിന്റെ നേതൃത്വത്തിൽ പഠനയാത്ര ആരംഭിച്ചു. റെയിൽവേ പാളങ്ങൾ മുറിച്ചുകടന്നു. ഇടുങ്ങിയ വഴികളിലൂടെ അറക്കാവതി പുഴയുടെ തീരത്തെത്തി. അവിടെ വെച്ച് ടോമി മാഷ് ഞങ്ങൾക്ക് ആ പുഴയെ കുറിച്ചും അതു വളരെ ചെറുതായതിനെ കുറിച്ചും വിവരിച്ചു. സന്തോഷത്തോടെ ഞങ്ങൾ പുഴയിൽ ഇറങ്ങി കളിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
അവിടെ നിന്നും ഞങ്ങൾ മറുഭാഗത്തുള്ള ചെറിയ കാട്ടിലേക്ക് നടന്നു. മഴ കാരണം വഴികൾ വളരെ മോശമായിരുന്നു. കുറച്ചുദൂരം നടന്ന് ഞങ്ങൾ കാട്ടിനുള്ളിൽ എത്തി. പോയവഴിയെ ഞങ്ങൾക്ക് പല തരത്തിലുള്ള ചെടികൾ പരിചയപ്പെടാൻ കഴിഞ്ഞു. കാട്ടിനുള്ളിൽ നിശ്ശബ്ദമായി നിന്നു ഞങ്ങൾ പക്ഷികളുടെ ശബ്ദങ്ങൾ കേട്ടു. കുന്നുകളുടെ കൂട്ട മരണം, ഒരു പാട്ടു പിന്നെയും എന്ന പാഠഭാഗത്തെ കുറിച്ച് ടോമി മാഷും ബുഷ്റ ടീച്ചറും വിവരിച്ചു. ടോമി മാഷ് കൈയിൽ കരുതിയ ചായയും പലഹാരവും ഞങ്ങൾ എല്ലാവരും പങ്കിട്ടു കഴിച്ചു. അതിനുശേഷം കാട്ടിൽനിന്ന് ഇറങ്ങി ഗ്രാമവഴികളിലൂടെ നടന്നു. അവിടെ റാഗി കണ്ടങ്ങളുടെ തീരത്തുകൂടി നടന്ന് ചിത്രങ്ങൾ പകർത്തി. നടന്നുവരുന്ന വഴിയെ പശുക്കളെയും ആടുകളെയുമൊക്കെ കണ്ടു. ഒരു ഗ്രാമവാസി ഞങ്ങളെ കണ്ട് മധുര നാരങ്ങ പറിച്ചുതന്നു. നെല്ലിക്ക, പേരക്ക, സപ്പോട്ട തോട്ടങ്ങളും കവുങ്ങിൻ തോട്ടങ്ങളും കണ്ടു. തോട്ടങ്ങൾക്ക് നടുവിൽ പുരാതനമായ ഒരു കിണറും കണ്ടു. പെട്ടെന്നുണ്ടായ ഇടിയും മഴയും കാരണം ഞങ്ങൾ പഠനയാത്ര നിർത്തി വീട്ടിലേക്ക് മടങ്ങി.
വയൽ വരമ്പിലൂടെ ഒരു യാത്ര
ശരത് കൃഷ്ണ
ഒരു ഞായറാഴ്ച ഞാനും എന്റെ മലയാളം അധ്യാപികയും കൂട്ടുകാരും ചേർന്ന് മലയാളം പഠനത്തിനായി ഒരു ചെറിയ കാട്ടുപ്രദേശത്ത് പോയി. ഇത്രയും നാൾ ഓൺലൈനായി പഠിക്കുകയായിരുന്നു. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്? ആ പ്രദേശത്തുള്ള ആളുകൾ, ആടുമാടുകൾ, വയൽപ്രദേശങ്ങൾ, തെങ്ങിൻതോപ്പ്, നദി എല്ലാം കണ്ടു. ചെറിയ കാട്ടിലൂടെയുള്ള യാത്ര സുഖമായിരുന്നു. അവിടെ പേരക്ക, പുളി, സപ്പോട്ട, നാരങ്ങ, അരിനെല്ലി... അങ്ങനെ കുറെ മരങ്ങൾ കണ്ടു. വയൽ വരമ്പിലൂടെ തിരിച്ചുപോരുമ്പോൾ നല്ല മഴയിലൂടെയുള്ള നടത്തം സുഖകരമായിരുന്നു. ബുഷ്റ ടീച്ചർ കവിത ചൊല്ലി. ടോമി മാഷിന്റെ ചായയും ചായക്കടിയും അടിപൊളിയായിരുന്നു. അന്നത്തെ ദിവസം അതീവ സന്തോഷത്തോടെ കടന്നുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.