ബംഗളൂരു: സബർബൻ റെയിൽവേ പദ്ധതിയുടെ ഇടനാഴി നാലിന്റെ നിർമാണപ്രവൃത്തികൾക്കായി കരാർ ക്ഷണിച്ചു. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി കർണാടക ലിമിറ്റഡ് (കെ റൈഡ്) ആണ് ചൊവ്വാഴ്ച നടപടികൾ പൂർത്തിയാക്കി കമ്പനികളിൽനിന്ന് കരാർ ക്ഷണിച്ചത്. ഇടനാഴി നാലിന്റെ കനക ലൈനിന്റെ (ഹീലലിഗെ-രജൻകുണ്ടെ) പ്രവൃത്തികൾക്കായാണിത്. ചൊവ്വാഴ്ച ആരംഭിച്ച ടെൻഡർ നടപടികളിൽ ലാർസൻ ആൻഡ് ടുബ്രോ, അഫ്കോൺ ഇൻഫ്രാസ്ട്രക്ചർ, ഇന്റർവോ ടെക്നോളജീസ്, ദിനേഷ് ചന്ദ്ര ആർ അഗർവാൾ ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് പങ്കെടുത്തത്.
8.96 കിലോമീറ്റർ മേൽപാതയായും 37.92 കിലോമീറ്റർ ഗ്രേഡ് സെക്ഷനുമായാണ് പാതയുള്ളത്. സാങ്കേതികകാര്യങ്ങൾ, നിർവഹണം, നിർമാണം എന്നിവയാണ് ടെൻഡർ എടുക്കുന്ന കമ്പനികൾ ചെയ്യേണ്ടത്. ടെൻഡർ കമ്മിറ്റി ഉടൻ സാങ്കേതിക പരിശോധന തുടങ്ങുമെന്നും ബിഡിന്റെ തുക അതിനുശേഷം തീരുമാനിക്കുമെന്നും കെ -റൈഡ് അറിയിച്ചു. ബംഗളൂരുവിനെ റെയിൽവേ ലൈൻ വഴി അയൽ ഗ്രാമങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതാണ് ബംഗളൂരു സബർബൻ റെയിൽ പ്രോജക്ട് (ബി.എസ്.ആർ.പി).
നിലവിലുള്ള ട്രാക്കുകൾക്ക് സമാന്തരമായി ബ്രോഡ്ഗേജ് ട്രാക്കായിരിക്കും പദ്ധതിക്കായി സ്ഥാപിക്കുക. 148 കിലോമീറ്റർ നീളമുള്ള പദ്ധതിക്ക് ആകെ 15,767 കോടി രൂപയാണ് വേണ്ടത്. 450 കോടി രൂപ റെയിൽവേ ആണ് നൽകുക. ബാക്കി തുക മറ്റ് സ്രോതസ്സുകളിൽ നിന്നാണ് കണ്ടെത്തുക. കെ-റൈഡാണ് പദ്ധതി നടപ്പാക്കുക. കർണാടക സർക്കാറിന്റേയും റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെ-റൈഡ്. സംസ്ഥാന സർക്കാറും ദക്ഷിണ പശ്ചിമ റെയിൽവേയുമാണ് ഭൂമി ഏറ്റെടുക്കൽ നടത്തേണ്ടത്.
ഇടനാഴി രണ്ടിലുള്ള സ്റ്റേഷന്റെ നിർമാണത്തിനുള്ള ടെൻഡർ ആഗസ്റ്റ് ഒമ്പതിന് വിളിക്കുമെന്ന് കെ-റൈഡ് നേരത്തേ അറിയിച്ചിരുന്നു. ബൈയ്യപ്പനഹള്ളി-ചിക്കബനവാര (വഴി ഹെബ്ബാൾ) ഇടനാഴി രണ്ടിന്റെ ആകെ ദൂരം 25.01 കിലോമീറ്ററാണ്. ഇതിൽ 12.92 കിലോമീറ്റർ ഒരേ ദിശയിലുള്ള രണ്ട് പാതകളടക്കമുള്ള മേൽപാതയാണ്. 12.09 കിലോമീറ്റർ ഒരേ ദിശയിലുള്ള രണ്ട് ട്രാക്കുകളുള്ള സാധാപാതയുമാണ്.
2022 ജൂൺ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സബർബൻ റെയിൽപദ്ധതിക്ക് ശിലാസ്ഥാപനം നടത്തിയത്. സബർബൻ റെയിലിന് നാല് ഇടനാഴികളാണുള്ളത്. കെ.എസ്.ആർ. ബംഗളൂരു- ദേവനഹള്ളി (41 കിലോമീറ്റർ), ബൈയപ്പനഹള്ളി- ചിക്കബാനവാര (25.14 കിലോമീറ്റർ), കെങ്കേരി- വൈറ്റ്ഫീൽഡ് (35.52 കിലോമീറ്റർ), ഹീലലിഗെ- രാജൻകുണ്ഡെ (46.24 കിലോമീറ്റർ) എന്നിവയാണ് ഇടനാഴികൾ.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ആധുനിക സബർബൻ റെയിൽ സംവിധാനം വരുന്ന രാജ്യത്തെ ആദ്യ നഗരമാകും ബംഗളൂരു. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി റെയിൽവേയുടെ സ്ഥലം ഇതിനകം ലഭിച്ചിട്ടുണ്ട്. റെയിൽവേയുടെ 157 ഏക്കർ സ്ഥലം അടുത്തിടെ കെ-റൈഡിന് കൈമാറിയിരുന്നു. ആദ്യഘട്ടത്തിൽ ബൈയപ്പനഹള്ളി മുതൽ ചിക്കബാനവാര വരെ (25 കിലോമീറ്റർ) ആണ് പൂർത്തിയാക്കുക. രണ്ടാംഘട്ടത്തിൽ ഹീലലിഗെ മുതൽ രാജൻകുണ്ഡെ വരെ (46 കിലോമീറ്റർ). ഇതിൽ 19 സ്റ്റേഷനുകളുണ്ടാകും.
ഈ ഭാഗത്ത് 193 ഏക്കർ സ്ഥലം ആവശ്യപ്പെട്ട് കെ-റൈഡ് അപേക്ഷ നൽകിയിരുന്നു. ബൈയപ്പനഹള്ളി- ചിക്കബാനവാര പാതയിൽ ഹെബ്ബാൾ റെയിൽവേ സ്റ്റേഷന് സമീപത്ത് നിർമാണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്തുന്നതിൽ കേന്ദ്രസർക്കാറിന് താൽപര്യമില്ലെന്ന് ആരോപണമുണ്ട്. കഴിഞ്ഞ കേന്ദ്രബജറ്റിൽ 1,350 കോടി രൂപ അനുവദിച്ചിരുന്നു. അതിന് മുമ്പത്തെ സാമ്പത്തിക വർഷത്തിൽ അനുവദിച്ച തുക കേന്ദ്ര സർക്കാർ നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.