ബംഗളൂരു: മനുഷ്യന് ഇന്നുവരെ അസാധ്യമായിരുന്ന പല പ്രവൃത്തികളും സാധ്യമാക്കിക്കൊണ്ട് അതിവേഗത്തിൽ വികസിക്കുന്ന കമ്പ്യൂട്ടർ സാങ്കേതിക വിദ്യയാണ് നിർമിതബുദ്ധി എന്ന് ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. ചികിത്സ, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ നിരവധി മേഖലകളിൽ ഗുണപരമായ വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുന്ന നൂതന സാങ്കേതികവിദ്യ ആയിരിക്കെത്തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വകാര്യത, ഡേറ്റ സുരക്ഷ, അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശം, അവസര സമത്വം എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങളിൽ ആശങ്കകളും ഉയർത്തുന്നുണ്ട്. നിർമിതബുദ്ധിയുടെ തുടർന്നുള്ള വികാസം വളരെ കരുതലോടെ ആയിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്ര സാഹിത്യ വേദി ബംഗളൂരു സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സുരേഷ് കോടൂർ. നിർമിതബുദ്ധിയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ഡേറ്റയുടെ വിശ്വാസ്യത ഉറപ്പുവരുത്തൽ, വിവേചനരഹിതമാണെന്ന് സാക്ഷ്യപ്പെടുത്തൽ, മാതൃകകൾ വിപണിയിൽ ഇറക്കുന്നതിന് വ്യക്തമായ രൂപരേഖയും നിയമങ്ങളും നയങ്ങളും രൂപവത്കരിക്കൽ, സാമാന്യ ജനങ്ങൾക്ക് പുതിയ സാങ്കേതികവിദ്യയുടെ ഗുണഫലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കൽ എന്നിങ്ങനെ സർക്കാർ മുൻകൈ എടുക്കേണ്ട നിരവധി കാര്യങ്ങൾ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നുണ്ട്. നിർമിതബുദ്ധി മാതൃകകളും വിവിധ എ.ഐ ആപ്ലിക്കേഷനുകളും വിലയിരുത്തുന്നതിനും സർട്ടിഫൈ ചെയ്യുന്നതിനും പ്രത്യേക എ.ഐ റെഗുലേറ്ററി ബോർഡ് രൂപവത്കരിക്കണമെന്നും സുരേഷ് കോടൂർ ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.ജി. ഇന്ദിര അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രതീഷ്, സംഗീത പ്രതീഷ്, രതി സുരേഷ്, ആർ.വി ആചാരി, ഷീജ റെനീഷ്, കുര്യൻ എന്നിവർ സംസാരിച്ചു. ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ബി ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.