ബംഗളൂരു: പുരോഗതിയുള്ള സംസ്ഥാനമാണെന്നതിന്റെ പേരിൽ ടാക്സ് വിഹിതം കൈമാറുന്നതിൽ കർണാടകയോട് കേന്ദ്രം അനീതി കാണിക്കരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 69ാമത് കന്നട പിറവി ദിനത്തിൽ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാജ്യോത്സവ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടാക്സ് വിഹിതം കൈമാറുന്നതിൽ കേന്ദ്രം നീതി പാലിക്കണം. കർണാടകയോട് കേന്ദ്ര സർക്കാർ അനീതിയാണ് കാണിക്കുന്നത്. പാൽ നൽകുന്നുണ്ടെന്ന് കരുതി കറവയുള്ള പശുവിനെ ആരും പൂർണമായും കറക്കില്ല. അങ്ങനെ കറന്നാൽ, പശുക്കിടാവിന് പോഷകമില്ലാതാവും. ഇക്കാര്യം മറക്കേണ്ട. നികുതിയിനത്തിൽ നാലു ലക്ഷം കോടിയിലേറെ രൂപയാണ് കർണാടക കേന്ദ്രത്തിന് നൽകുന്നത്. രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാൽ ഇക്കാര്യത്തിൽ രണ്ടാമതാണ് കർണാടക. നാലു ലക്ഷം കോടിയിലേറെ നികുതിപ്പണം നൽകിയിട്ടും 55,000 മുതൽ 60,000 വരെ കോടി മാത്രമാണ് കേന്ദ്രം തിരികെ നൽകുന്നത്. ഈ യാഥാർഥ്യം കന്നടിഗർ അറിയണം. സംസ്ഥാനത്തുനിന്ന് നൽകുന്നതിന്റെ 15 ശതമാനംവരെ മാത്രമാണ് തിരികെ ലഭിക്കുന്നത്. കർണാടക പുരോഗതിയുള്ള സംസ്ഥാനമായതുകൊണ്ട് അനീതി പ്രവർത്തിക്കരുത്. ഫെഡറൽ സംവിധാനത്തിൽ തുല്യനീതി വേണമെന്നും അദ്ദേഹം പറഞ്ഞു.
കന്നട സ്വാഭിമാന ബോധം നിത്യജീവിതത്തിന്റെ എല്ലാ സന്ദർഭങ്ങളിലും കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. കർണാടകയിൽ 200ഓളം ഭാഷകൾ ആളുകൾ സംസാരിക്കുന്നുണ്ട്. ഏതു ഭാഷ സംസാരിച്ചാലും ഏതു ജാതിയിൽ പെട്ടവരായാലും ഏതു മതത്തിൽ പെട്ടവരായാലും എല്ലാവരും കന്നടിഗരാണ്. കർണാടകയിലെ വായുവും വെള്ളവും ഭക്ഷണവും ഉപയോഗിക്കുന്നവരെല്ലാം കന്നടിഗരാണ്. 7,000 വർഷങ്ങളുടെ പഴക്കമുള്ള ഭാഷയാണ് കന്നട. കന്നടയെ ക്ലാസിക്കൽ ഭാഷയായി കേന്ദ്രം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വതന്ത്രതാവാദം നല്ലതാണ്. എന്നാൽ, അത് കന്നടയെ ബലികഴിച്ചുകൊണ്ടാവരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞു. ഭാഷയോടുള്ള നമ്മുടെ സ്നേഹം ഭാഷാതീവ്രവാദത്തിലേക്കും വഴിമാറരുത്. നമ്മുടെ ഭാഷയും കന്നട അഭിമാനബോധവും ഉപേക്ഷിക്കരുത്. എല്ലാവരും കന്നടയെ സ്നേഹിക്കുന്നവരാകണം - മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.