ബംഗളൂരു: നഗരത്തിൽ ഐ.ടി ജീവനക്കാരനായ അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭാര്യാമാതാവിനെയും ഭാര്യാ സഹോദരനെയും ബംഗളൂരു പൊലീസ് യു.പിയിൽനിന്ന് അറസ്റ്റ് ചെയ്തു. അതുലിന്റെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ സഹോദരൻ നൽകിയ പരാതിയിലാണ് ബംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്.
കഴിഞ്ഞദിവസം അന്വേഷണ സംഘം യു.പിയിൽ ജൗൻപൂരിലെ അതുലിന്റെ ഭാര്യ നികിത സിംഗാനിയയുടെ വീട്ടിലെത്തിയെങ്കിലും ഇവർ ഒളിവിൽ പോയിരുന്നു. തുടർന്നാണ് നികിതയുടെ മാതാവ് നിഷ സിംഗാനിയ, സഹോദരൻ അനുരാഗ് സിംഗാനിയ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ പൊലീസ് എത്തുന്ന വിവരമറിഞ്ഞ് ഇവർ വീടുപൂട്ടി ഇറങ്ങിയിരുന്നു. വീട്ടിൽ നോട്ടീസ് പതിച്ച പൊലീസ് സംഘം വഴിയിൽവെച്ച് ഇരുവരെയും പിടികൂടി. ഇരുവരെയും ബംഗളൂരുവിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.
ഭാര്യയുടെയും അവരുടെ വീട്ടുകാരുടെയും പീഡനം സഹിക്കാനാവാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് അവസാന സന്ദേശത്തിൽ അതുൽ സുഭാഷ് വെളിപ്പെടുത്തിയിരുന്നു. 24 പേജുള്ള കുറിപ്പും 81 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയും തയാറാക്കിവെച്ചാണ് അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്.
ഇവ സോഷ്യൽ മീഡിയയിൽ വൻ ചർച്ചക്ക് വഴിവെച്ചിരുന്നു. രാജ്യത്തെ സ്ത്രീപക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് സംബന്ധിച്ചും പുരുഷ നീതിയെക്കുറിച്ചുമുള്ള ചർച്ചയിലേക്ക് ഇത് വഴിയൊരുക്കി. സ്ത്രീധന പീഡനം നടത്തിയെന്ന് കള്ളക്കേസുണ്ടാക്കി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും കേസിൽനിന്ന് ഒഴിവാക്കാൻ മൂന്നുകോടി രൂപ നികിത ആവശ്യപ്പെട്ടെന്നും അതുൽ ആരോപിച്ചിരുന്നു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ബംഗളൂരു മാറത്തഹള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് നടന്നത്.
രണ്ടു ടീമായാണ് കേസന്വേഷണം പുരോഗമിക്കുന്നതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ അറിയിച്ചു. കേസിൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അർഹതപ്പെട്ടവർക്ക് നീതി ലഭ്യമാക്കുമെന്നും കമീഷണർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.