ബംഗളൂരു: ബനശങ്കരിയിൽ പ്രവർത്തിക്കുന്ന മലബാർ ഗ്രാൻഡ്മാ ഡെസ്റ്റിറ്റ്യുട്ട് ഹോമിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ തണലിന്റെ പ്രഥമ ഫിസിയോതെറപ്പി കേന്ദ്രം തുറന്നു. മലബാർ ഗോൾഡ് കർണാടക റീജനൽ ഹെഡ് ഫിൽസർ ബാബു ഉദ്ഘാടനം നിർവഹിച്ചു. തണലിന്റെ ബംഗളൂരുവിലെ അഞ്ചാമത്തെ ഡയാലിസിസ് കേന്ദ്രം ബാംഗ്ലൂർ സൗത്ത് പൊലീസ് ഡെപ്യൂട്ടി കമീഷണർ ലോകേഷ് ജഗലാസറും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദും ചേർന്ന് നിർവഹിച്ചു.
ഏഴ് ഡയാലിസിസ് മെഷീനുകളാണ് നിലവിൽ സെന്ററിൽ ഉപയോഗത്തിലുള്ളത്. ജിൻഡാൽ അലൂമിനിയം ലിമിറ്റഡും ഫിസ ഡെവലപ്പേഴ്സും ചേർന്നാണ് ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്തത്. ബംഗളൂരുവിലെ വിവിധ കോർപറേറ്റ് കമ്പനി പ്രധിനിധികളും സന്നദ്ധ സംഘടന ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായി. തണൽ ബംഗളൂരുവിൽ നടത്തിവരുന്ന വിവിധ പദ്ധതികളുടെ വിശദ വിവരങ്ങൾ ബംഗളൂരു ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അവതരിപ്പിച്ചു.
നിർധനർക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്ന അഞ്ച് ഡയാലിസിസ് സെന്ററുകൾ, പ്രാഥമിക ശുശ്രുഷ നൽകുന്ന മാറത്തഹള്ളിയിലെ ഹെൽത്ത് സെന്റർ, ചേരി പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിവരുന്ന മൈക്രോ ലേണിങ് സെന്റർ, പട്ടിണി നിർമാർജനം എന്ന ലക്ഷ്യത്തിൽ തെരുവോരങ്ങളിൽ വസിക്കുന്നവർക്ക് ദിവസവും 3000ത്തിലധികം ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്ന മലബാർ ഗോൾഡിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ‘ഹങ്കർ ഫ്രീ വേൾഡ്’ പദ്ധതി, നിർധനർക്ക് തീർത്തും സൗജന്യമായി സർവിസ് നൽകുന്ന രണ്ട് ഐ.സി.യു ആംബുലൻസുകൾ, തെരുവിൽ വസിക്കുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന മലബാർ ഗ്രാൻഡ്മാ ഡെസ്റ്റിറ്റ്യുട്ട് ഹോം തുടങ്ങിയ പദ്ധതികളാണ് ബംഗളൂരുവിൽ തണൽ നടത്തിവരുന്നതെന്നും തണൽ ഫാർമസി, തണൽ ലബോറട്ടറി തുടങ്ങിയ പദ്ധതികൾ സമീപ ഭാവിയിൽ പ്രവർത്തനമാരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
തണൽ റിഹാബിലിറ്റേഷൻ ദേശിയ കോഓഡിനേറ്റർ ശുഐബ്, മലബാർ ഗ്രാൻഡ്മാ ഹോം സെന്റർ കോഓഡിനേറ്റർ ഡോ. രമ്യ, സുമനഹള്ളി ലിപ്രസി സെന്റർ ഡയറക്ടർ ഫാ. ടോമി, ആലതമര ഡയറക്ടർ ഡോ. കിഷോർ കുമാർ തുടങ്ങിയവർ സംസാരിച്ചു. തണൽ ബംഗളൂരു ചാപ്റ്റർ സെക്രട്ടറി കെ.എച്ച്. ഫാറൂഖ് സ്വാഗതവും ഫിറോസ് നന്ദിയും പറഞ്ഞു. സി.എച്ച്. സഹീർ, സാജിദ് നവാസ്, ഷാഹിന എന്നിവർ നേതൃത്വം നൽകി. ഫോൺ: 9448494484.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.