ബംഗളൂരു: വിവിധ ദേശക്കാരും ഭാഷക്കാരും ഇടതിങ്ങി താമസിക്കുന്ന ബംഗളൂരു നഗരം ദീപാവലി ആഘോഷങ്ങളെ വരവേറ്റു. സംസ്ഥാനത്ത് മൂന്നുദിവസമാണ് ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നത്. ചൊവ്വാഴ്ചയാണ് ആഘോഷങ്ങള്‍ക്ക് സമാപനമാവുക. പടക്കം പൊട്ടിച്ചും വീടുകളിലും ക്ഷേത്രങ്ങളിലും പൂജ നടത്തിയും ദീപാലങ്കാരമൊരുക്കിയുമാണ് ആഘോഷങ്ങൾ നടക്കുന്നത്. എല്ലായിടത്തും മധുരവിതരണവുമുണ്ടായിരുന്നു.
പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത നിലയില്‍ ദീപാവലി ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആഹ്വാനം ചെയ്തു. ഹരിതപടക്കങ്ങള്‍ മാത്രം ഉപയോഗിക്കണം. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് പുറമെ ശബ്ദ മലിനീകരണവും ഇത്തരം പടക്കങ്ങള്‍ക്ക് കുറവാണ്.
പടക്കംപൊട്ടി അപകടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും പ്രത്യേക സംവിധാനങ്ങളൊരുക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നഗരത്തില്‍ മുഴുവന്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കും പൊള്ളല്‍ ചികിത്സക്ക് സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ മരുന്നുകളും എത്തിച്ചു. താലൂക്ക് ആശുപത്രികളിലും ജില്ല ആശുപത്രികളിലും കണ്ണുകള്‍ക്കുണ്ടാകുന്ന പരിക്ക് ചികിത്സിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
അതേസമയം, ശനിയാഴ്ചയും ഞായറാഴ്ചയും നഗരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പ്രധാന മാര്‍ക്കറ്റുകളിലും വലിയ തിരക്കനുഭവപ്പെട്ടു. ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരവും ഗതാഗതക്കുരുക്കിനിടയാക്കി. പടക്കത്തിനും പൂജാവസ്തുക്കള്ക്കും പഴങ്ങള്‍ക്കും ഇത്തവണ മുന്‍വര്‍ഷത്തേക്കാള്‍ വില വര്‍ധിച്ചിട്ടുണ്ടെങ്കിലും ദീപാവലി ആഘോഷങ്ങളെ അതൊന്നും ബാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.