ബംഗളൂരു: നഗരത്തിൽ ഹൊരമാവ് പാലത്തിനു സമീപം കാർ തടഞ്ഞ് ബൈക്ക് യാത്രികന്റെ അക്രമം. കാർ യാത്രികനെ അസഭ്യംവിളിക്കുകയും കാറിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകർക്കുകയും ചെയ്തു. ആക്രമണശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. കാറിന്റെ ഡാഷ്ബോർഡ് കാമറയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ കാർ യാത്രികൻ പുറത്തുവിട്ടതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. നഗരത്തിലെ റോഡുകളിൽ ബൈക്ക് യാത്രികർ നിയമം കൈയിലെടുക്കുന്നത് സംബന്ധിച്ച് അടുത്തിടെ നിരവധി സംഭവങ്ങൾ പുറത്തുവന്നിരുന്നു.
നവംബർ 22ന് രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം. ജയനഗറിൽ ജോലി ചെയ്യുന്ന ബെർനാഡ് മസ്കരാനസിനാണ് ദുരനുഭവം നേരിട്ടത്. എതിർദിശയിൽനിന്ന് വന്ന ബൈക്ക് യാത്രികൻ ഇൻഡിക്കേറ്റർ ലൈറ്റ് തെളിയിക്കാതെ പെട്ടെന്ന് റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ചു. അപകടം സംഭവിക്കാതിരിക്കാൻ പെട്ടെന്ന് കാർ ബ്രേക്ക് ചെയ്തതോടെ അരിശംപൂണ്ട ബൈക്ക് യാത്രികൻ അക്രമം നടത്തുകയായിരുന്നു.
ബൈക്ക് നമ്പർ തിരിച്ചറിയാതിരിക്കാൻ രക്ഷപ്പെടുന്നതിനുമുമ്പ് ഇയാൾ ബൈക്കിന്റെ പിൻവശത്തെ നമ്പർപ്ലേറ്റ് ഊരിമാറ്റി. എന്നാൽ, ഡാഷ് ബോർഡ് കാമറയിൽ സ്കൂട്ടറിന്റെ നമ്പർപ്ലേറ്റ് പതിഞ്ഞിരുന്നു. ആക്രമിയുടെ കൈയിൽ ആയുധമുണ്ടായേക്കാമെന്നതിനാൽ താൻ കാറിൽനിന്ന് പുറത്തിറങ്ങിയില്ലെന്ന് ബെർനാഡ് പരാതിയിൽ പറഞ്ഞു. നേരെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. എന്നാൽ, പരാതിയിൽ ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. നവംബർ 23ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം ഒന്നര ലക്ഷത്തിലേറെ പേർ കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.