ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നവർക്ക്, പരിഗണിക്കാൻ നവംബർ 21 വരെ അപേക്ഷ നൽകാം. നേരത്തേ നവംബർ 15 ആയിരുന്നു ഇതിനായി കെ.പി.സി.സി നിശ്ചയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം തീയതി നീട്ടുകയായിരുന്നു.
നിരവധി പേർ സ്ഥാനാർഥിത്വത്തിനായി രംഗത്തു വരുന്നത് ഒഴിവാക്കാനായി ഇത്തവണ വിവിധ ക്രമീകരണങ്ങൾ പാർട്ടി ഒരുക്കിയിരുന്നു. അപേക്ഷ ഫോറത്തിനുള്ള 5000 രൂപക്ക് പുറമെ പാർട്ടി അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപയും നൽകണം.
ഇതോടെ തള്ളിക്കയറ്റം കുറഞ്ഞു. 200 പേർ മാത്രമാണ് അപേക്ഷിച്ചത്. ഇതാണ് തീയതി നീട്ടാൻ കാരണം. 224 നിയമസഭ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഡിസംബർ അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർഥിപട്ടികക്ക് രൂപം നൽകാനാണ് പാർട്ടിയുടെ ലക്ഷ്യം.
ആയിരത്തോളം പേർ അപേക്ഷഫോറം വാങ്ങിയെന്നാണ് വിവരം. അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന രണ്ടുലക്ഷം രൂപ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനായും സംസ്ഥാനത്ത് പാർട്ടിക്ക് പുതിയ ആസ്ഥാനം നിർമിക്കാനുമാണ് ഉപയോഗിക്കുക.
അതിനിടെ, കോൺഗ്രസിന്‍റെ പ്രതിപക്ഷനേതാവും മുൻമുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വരുന്ന തെരഞ്ഞെടുപ്പിൽ കോലാർ നിയമസഭ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ സാധ്യത. കുറുബ സമുദായത്തിൽ നിന്നുള്ള പ്രമുഖ നേതാവായ സിദ്ധരാമയ്യയെ ഇവിടെ മത്സരിപ്പിക്കാൻ കോലാറിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ നീക്കം സജീവമാക്കി.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടിരുന്നു. പിന്നീട് ബഗൽകോട്ടിലെ ബാദാമിയിൽ നിന്നാണ് സിദ്ധരാമയ്യ നിയമസഭയിലെത്തിയത്. മന്ത്രി ശ്രീരാമുലുവിനെയാണ് അദ്ദേഹം ബാദാമിയിൽ പരാജയപ്പെടുത്തിയത്.
എന്നാൽ, ഈ മണ്ഡലത്തിൽ വേണ്ടത്ര സമയം ചെലവിടാൻ അവസരം ലഭിക്കാത്തതിനാൽ ഇനി ഇവിടെ നിന്നു മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കോലാറിൽ അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെ ഇവിടെ നിന്ന് മത്സരിക്കുമെന്നതിന്‍റെ സൂചനകളും അദ്ദേഹം നൽകിയിരുന്നു. പത്രിക സമർപ്പണ സമയത്തു മടങ്ങിവരാമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
പ്രചാരണത്തിന് കാരവാനിൽ എത്തിയ സിദ്ധരാമയ്യ കോലാരമ്മ ക്ഷേത്രം, ക്രിസ്ത്യൻ ദേവാലയം, ദർഗ തുടങ്ങിയവ സന്ദർശിച്ചിരുന്നു. സംഗൊള്ളി രായണ്ണ, മഹാത്മ ഗാന്ധി, അംബേദ്കർ പ്രതിമകളിലും അദ്ദേഹം പുഷ്പാർച്ചന നടത്തി. തുടർന്നാണ് സ്വീകരണമൊരുക്കിയ അണികളോട് പത്രിക സമർപ്പണ സമയത്ത് മടങ്ങിവരുമെന്നു പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.