പിടികൂടിയ പുലിയും നർസിപുരയിൽ ആക്രമണം നടത്തിയ, മുമ്പ്​ കാമറയിൽ കുടുങ്ങിയ പുലിയും ഒന്നാണെന്ന്​ തെളിയിക്കുന്ന ചിത്രം വനംവകുപ്പ്​ പുറത്തുവിട്ടപ്പോൾ. രണ്ടിന്‍റെയും പുള്ളികൾ ഒരു പോലെയാണെന്ന്​ വനംവകുപ്പ്​ പറയുന്നു

പുലി ആക്രമണം, ദൗത്യസേന രൂപവത്കരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: മൈസൂരു ജില്ലയിലെ നർസിപുരിൽ മൂന്നുപേരെ കൊന്ന പുള്ളിപ്പുലിയെ പിടികൂടി. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഭിനന്ദിച്ചു. സംസ്ഥാനത്ത് പുലികളുണ്ടാക്കുന്ന പ്രശ്നങ്ങൾ നേരിടാൻ ദൗത്യസേന രൂപവത്കരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വനത്തോട് ചേർന്ന് താമസിക്കുന്ന ജനങ്ങൾക്ക് സുരക്ഷിതത്വം നൽകാൻ ദൗത്യസേനക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് വനം വകുപ്പ് കെണിവെച്ച് പുലിയെ പിടികൂടിയത്. അഞ്ചു വയസ്സുള്ള പുലിയെ ബംഗളൂരുവിലെ ബന്നാർഘട്ട മൃഗശാലയിലേക്ക് മാറ്റി. മൂന്നുപേരെ കൊന്ന പുള്ളിപ്പുലിയെയും കടുവയെയും വെടിവെക്കാൻ ഡെപ്യൂട്ടി കമീഷണർ കെ.വി. രാജേന്ദ്ര ജനുവരി 26ന് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങൾ ഇവയെ പിടികൂടാൻ തിരച്ചിൽ നടത്തിവരുകയായിരുന്നു.

വിവിധ സംഘങ്ങളായി 120ലധികം വനപാലകരാണ് രണ്ട് താലൂക്കുകളിലുമായി തിരച്ചിൽ നടത്തിയത്. 20ഓളം സി.സി ടി.വി കാമറകളും അഞ്ചിലധികം കെണികളും സ്ഥാപിച്ചു. വന്യജീവികളെ പിടികൂടുന്നതിൽ പരിശീലനം ലഭിച്ച ആനകളെയും ദൗത്യത്തിന് ഉപയോഗിച്ചു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററാണ് വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് ഇറക്കേണ്ടതെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഡെപ്യൂട്ടി കമീഷണർ ഉത്തരവിട്ടത്.

2022 ഒക്ടോബർ 30 മുതൽ 2023 ജനുവരി 22വരെയുള്ള മൂന്നുമാസത്തിനുള്ളിൽ മൈസൂരുവിലെ ടി. നർസിപുർ, എച്ച്.ഡി കോട്ട താലൂക്കുകളിലായി അഞ്ചുപേരാണ് കൊല്ലപ്പെട്ടത്.കോളജ് വിദ്യാർഥികളായ മഞ്ജുനാഥ് (20), മേഘ്‌ന (22), സ്കൂൾ വിദ്യാർഥി ജയന്ത് (11), സിദ്ധമ്മ (60), ആദിവാസി യുവാവ് മഞ്ജു (18) എന്നിവരാണ് മരിച്ചത്.

ഇവരിൽ മഞ്ജുനാഥിനെയും മേഘ്‌നയെയും കൊന്ന പുലിയെ ഒരുമാസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടി ബംഗളൂരുവിലെ ബന്നാർഘട്ട മൃഗശാലയിലേക്ക് മാറ്റിയിരുന്നു. മറ്റുള്ളവരെ കൊന്ന പുലിക്കും കടുവക്കുമായാണ് തിരച്ചിൽ. മൂന്നുദിവസത്തിനിടെ മൂന്നുപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

പുലി ദൗത്യസേന എലിഫന്‍റ് ടാസ്ക് ഫോഴ്സ് മാതൃകയിൽ

ബംഗളുരു: സംസ്ഥാന ബജറ്റ് ജനത്തിന് അനുകൂലമായതായിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മൈസൂരു വിമാനത്താവളത്തിൽ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിഫന്‍റ് ടാസ്ക് ഫോഴ്സ് പോലെതന്നെ സംസ്ഥാനത്ത് പുലി ടാസ്ക്ഫോഴ്സും രൂപവത്കരിക്കും.മൈസൂരു മേഖലയിൽ മുമ്പ് ആനശല്യത്തിൽനിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാനായി എലിഫെന്‍റ് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിരുന്നു. സമാനമാതൃകയിലാണ് പുലി ദൗത്യസേനയും രൂപവത്കരിക്കുക.

ഈ സേനക്ക് ആവശ്യമായ മനുഷ്യവിഭവശേഷി, ഉപകരണങ്ങൾ, പണം തുടങ്ങിയവ സർക്കാർ നൽകും. വനംവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. പുലികളുടെ ആക്രമണത്തിൽനിന്ന് ഗ്രാമവാസികളെ രക്ഷിക്കണം. അവർക്ക് ആത്മവിശ്വാസം പകരുന്ന നടപടികൾ ഉണ്ടാകണമെന്ന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കണം.

ഇതിനായി പ്രദേശവാസികൾക്കും മാർഗനിർദേശങ്ങൾ നൽകണം. കാടുമായും കാട്ടുമൃഗങ്ങളുമായും ബന്ധപ്പെട്ട് പ്രദേശവാസികൾ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും സംബന്ധിച്ച് ബോധവത്കരണം വേണം. ഇതിനായുള്ള നടപടികളും വനംവകുപ്പ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Tiger attack, will form a task force- Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.