ബംഗളൂരു: ജൂലൈ 27ന് സംസ്ഥാനത്തെ സ്വകാര്യബസുകളും ഓട്ടോകളും ടാക്സികളും നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയുമായുള്ള ചർച്ചയെ തുടർന്നാണിത്. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി വന്നതോടെ തങ്ങൾ ദുരിതത്തിലായെന്നും നഷ്ടം നേരിട്ടുവെന്നുമാണ് സ്വകാര്യമേഖലയുടെ പരാതി. ഇതിൽ നടപടിയുണ്ടാകാത്തതിനാലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
നഷ്ടം പരിഹരിക്കാൻ പ്രത്യേക ധനസഹായം വേണമെന്നാണ് ഇവരുടെ ആവശ്യം. ശക്തി പദ്ധതി തുടങ്ങിയതിന് ശേഷം തൊഴിലാളികളുടെ വരുമാനം പകുതിയിൽ താഴെയായി. പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് അടിയന്തര സഹായം അനുവദിക്കണം. മന്ത്രിയുമായുള്ള ചർച്ചയിൽ 35 സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
ബൈക്ക് ടാക്സി സർവിസ് നിരോധിക്കണമെന്ന സംഘടനകളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കും. വിഷയം ചർച്ച ചെയ്യാൻ ജൂലൈ 31ന് വീണ്ടും യോഗം നടക്കും. ആഗസ്റ്റ് 10 വരെ കാത്തുനിൽക്കുമെന്നും അനുകൂല നടപടിയില്ലെങ്കിൽ പിന്നീട് തുടർ നടപടികൾ സ്വീകരിക്കുമെന്നും തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.