ബംഗളൂരു: സര്‍വകലാശാല കാമ്പസിനുള്ളിൽ ഗതാഗതം പൂർണമായി നിരോധിക്കണമെന്ന ആവശ്യവുമായി ബംഗളൂരു സർവകലാശാല. ജ്ഞാനഭാരതി കാമ്പസിനുള്ളിലൂടെ പുറത്തുനിന്നുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂര്‍ണമായി നിരോധിക്കണം.
വൈസ് ചാന്‍സലര്‍ എസ്. ജയകറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. വിദ്യാര്‍ഥികള്‍ ഏറെ നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണിത്. ഇതുസംബന്ധിച്ച് ട്രാഫിക് പൊലീസിനും ബംഗളൂരു കോര്‍പറേഷനും അധികൃതർ കത്തുനല്‍കും.
നാഗര്‍ഭാവി ഭാഗത്തുനിന്ന് മൈസൂരു റോഡിലേക്ക് പോകാന്‍ ജ്ഞാനഭാരതി കാമ്പസിനുള്ളിലെ റോഡാണ് ഉപയോഗിക്കുന്നത്. വാഹനങ്ങൾ ഇതുവഴി പോകുന്നതുമൂലം കാമ്പസിനുള്ളില്‍ നിരന്തരം അപകടങ്ങളുണ്ടാകുന്നുവെന്നാണ് വിദ്യാർഥികളും സർവകലാശാല അധികൃതരും ചൂണ്ടിക്കാട്ടുന്നത്. മൂന്നു ദിവസത്തോളം വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയും ചെയ്തു. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആറുവരെ ഗതാഗതം നിരോധിക്കാന്‍ ബി.ബി.എം.പി തീരുമാനിച്ചിരുന്നു.
ഗതാഗതത്തിന് സമാന്തര സൗകര്യമൊരുക്കിയതിന് ശേഷം പൂര്‍ണനിരോധനം പരിഗണിക്കാമെന്നായിരുന്നു ബി.ബി.എം.പി നല്കിയ ഉറപ്പ്. എന്നാല്‍, രണ്ടുമാസം കഴിഞ്ഞിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ല. ഇതോടെയാണ് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഔദ്യോഗികമായി ആവശ്യമുന്നയിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.
ഒക്ടോബര്‍ 10ന് കാമ്പസിനുള്ളില്‍ വെച്ച് ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി അതേബസ് കയറി മരിച്ചിരുന്നു. ഇതോടെ കാമ്പസിനകത്തുകൂടിയുള്ള ഗതാഗതം നിരോധിക്കണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് വിദ്യാര്‍ഥികള്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.