മംഗളൂരു: ഓൺലൈനായി പണമടച്ചിട്ടും ട്രക്കിങ് ട്രൗസർ വിതരണം ചെയ്യാത്ത സ്പോർട്സ് ആക്സസറീസ് സ്റ്റോറായ ഡിക്കാത്ലോണിന് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ 35,000 രൂപ പിഴ ചുമത്തി. ഉപഭോക്താവ് ഇതിനകം അടച്ച 1399 രൂപക്ക് ഒമ്പത് ശതമാനം വാർഷിക പലിശയും സേവനത്തിലെ കുറവിന് 25,000 രൂപയും കേസ് ചെലവായി 10,000 രൂപയുമാണ് ചുമത്തിയത്.
ഉള്ളാൾ സോമേശ്വര സ്വദേശി മോഹിത് നൽകിയ പരാതിയിൽ വാദം കേട്ട ദക്ഷിണ കന്നട ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ചെയർമാൻ (ഇൻചാർജ്) സോമശേഖരപ്പ ഹണ്ടിഗോള, അംഗം എച്ച്.ജി. ശാരദാമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേസമയം, ഉത്തരവ് ലംഘിച്ചാൽ കടക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഡിക്കാത്ലോണിന്റെ പ്രതിനിധികൾ വാഗ്ദാനം ചെയ്ത ഫ്രോക്ലാസ് ട്രക്കിങ് ട്രൗസറുകൾ ഓൺലൈനായി വാങ്ങിയതിന് പരാതിക്കാരൻ 1399 രൂപ നൽകി രസീത് വാങ്ങിയിരുന്നു. എന്നാൽ, പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ട്രക്കിങ് ട്രൗസറുകൾ നൽകിയില്ല. ഇതിനുശേഷം, പരാതിക്കാരൻ നഗരത്തിലെ ഇ.ടി.എ മാളിലെ ഡിക്കാത്ലോണിലേക്ക് ഇ-മെയിൽ ചെയ്ത് പലതവണ ആവശ്യപ്പെട്ടെങ്കിലും പണം തിരികെ ലഭിച്ചില്ല. ഇതോടെ പരാതിക്കാരൻ അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചു. എന്നാൽ, നോട്ടീസ് പരാതിക്കാരന് തിരിച്ചയച്ചു. ഈ പ്രക്രിയമൂലം മാനസികവും സാമ്പത്തികവുമായ നഷ്ടം നേരിട്ട പരാതിക്കാരൻ, ഉപഭോക്തൃ സംരക്ഷണ നിയമം 2019ലെ സെക്ഷൻ 35 പ്രകാരം പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.