മംഗളൂരു: ഉഡുപ്പിയിലെ സ്വകാര്യ പാരാമെഡിക്കൽ കോളജിന്റെ ശുചിമുറിയിൽ മൊബൈൽ കാമറ വെച്ച് മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസ് അന്വേഷണത്തിന് ഡിവൈ.എസ്.പി അഞ്ജുമാല നായകിന്റെ നേതൃത്വത്തിൽ സി.ഐ.ഡി സംഘം ചൊവ്വാഴ്ച ഉഡുപ്പിയിൽ എത്തി. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറി തിങ്കളാഴ്ച സർക്കാർ ഉത്തരവിട്ടതിനെ തുടർന്നാണിത്.
സംഘം ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്രയെ സന്ദർശിച്ചശേഷം കുന്താപുരം ഡിവൈ.എസ്.പി ബെള്ളിയപ്പയിൽനിന്ന് കേസിന്റെ ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ ശേഖരിച്ചു. അടുത്ത ദിവസങ്ങളിൽ കോളജ് അധികൃതർ, കുറ്റാരോപിതരായ മൂന്ന് വിദ്യാർഥിനികൾ, ഇരയായ വിദ്യാർഥിനി, മറ്റു വിദ്യാർഥികൾ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും.കേസ് പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി)ഏല്പിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ ബി.ജെ.പി എം.എൽ.എമാരും എം.എൽ.സിമാരും കഴിഞ്ഞ ദിവസം ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിന് സമർപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 18നാണ് പാരാമെഡിക്കൽ കോളജിൽ വിവാദ സംഭവം നടന്നത്. ഇരയായ വിദ്യാർഥിനി ഉഡുപ്പി ജില്ല കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടി പൊലീസിനോ കോളജ് അധികൃതർക്കോ വനിത കമീഷനുകൾക്കോ പരാതി നൽകിയിട്ടില്ല. ഉഡുപ്പി പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണമാണ് സി.ഐ.ഡിക്ക് കൈമാറിയത്.
കുറ്റാരോപിതരായ മൂന്ന് വിദ്യാർഥിനികളെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.അതേസമയം, പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണം സർക്കാർ സി.ഐ.ഡിക്ക് കൈമാറിയതെന്ന് ഉഡുപ്പി എം.എൽ.എ യശ്പാൽ സുവർണ ആരോപിച്ചു.
നിഷ്പക്ഷ അന്വേഷണം
-മന്ത്രി ലക്ഷ്മി
മംഗളൂരു: നീതിപൂർവവും നിഷ്പക്ഷവുമായ അന്വേഷണമാണ് സി.ഐ.ഡിക്ക് കൈമാറിയതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉഡുപ്പി ജില്ല ചുമതല വഹിക്കുന്ന വനിത-ശിശുവികസന മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ പറഞ്ഞു.
വനിത ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടാണ് സി.ഐ.ഡി അന്വേഷണത്തലവൻ. സംഘത്തിൽ ഉദ്യോഗസ്ഥകൾക്കാണ് മുൻതൂക്കം. ഇത് അന്വേഷണം സുഗമമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.