മംഗളൂരു: ഉഡുപ്പി നേത്രജ്യോതി പാരാമെഡിക്കൽ കോളജ് ശൗചാലയത്തിൽ മൊബൈൽ ഫോൺ കാമറവെച്ച് മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തിയെന്ന കേസ് അന്വേഷണത്തിന്റെ പ്രഥമഘട്ടം പൂർത്തിയാക്കി സി.ഐ.ഡി സംഘം ബുധനാഴ്ച ബംഗളൂരുവിലേക്ക് മടങ്ങി. കുറ്റാരോപിതരായ മൂന്ന് വിദ്യാർഥിനികൾ ഉപയോഗിച്ച മൊബൈൽ ഫോണുകളുടെ പരിശോധനഫലം ഹൈദരാബാദ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്ന് ലഭ്യമായാൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ കുറ്റാരോപിതരായ മൂന്ന് വിദ്യാർഥിനികൾ, ഇരയായ വിദ്യാർഥിനി, കോളജ് അധികൃതർ, മറ്റു ബന്ധപ്പെട്ടവർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണത്തിന് നേതൃത്വം നൽകിയ സി.ഐ.ഡി ഡിവൈ.എസ്.പി അഞ്ജുമാല നായക് പറഞ്ഞു. സി.ഐ.ഡി വിഭാഗം എ.ഡി.ജി.പി മനിഷ് കർബികർ, സി.ഐ.ഡി വിഭാഗം എസ്.പി രാഘവേന്ദ്ര ഹെഗ്ഡെ എന്നിവരുടെ മേൽനോട്ടം ഉണ്ടായിരുന്നു.
ജൂലൈ 18നാണ് പാരാമെഡിക്കൽ കോളജിൽ വിവാദസംഭവം നടന്നത്. ഇരയായ വിദ്യാർഥിനി ഉഡുപ്പി ജില്ല കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകിയിരുന്നു. ഉഡുപ്പി പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണമാണ് സി.ഐ.ഡിക്ക് കൈമാറിയത്. കുറ്റാരോപിതരായ മൂന്ന് വിദ്യാർഥിനികളെ കോടതി മുൻകൂർജാമ്യം അനുവദിച്ചതിനാൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
മൂന്ന് മുസ്ലിം വിദ്യാർഥിനികൾ ഹിന്ദു വിദ്യാർഥിനിയുടെ നഗ്നത ഒളികാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന ആരോപണവുമായി ബി.ജെ.പിയും ഘടകങ്ങളും പ്രക്ഷോഭത്തിലാണ്. ഒളികാമറ വെച്ചിട്ടില്ലെന്ന് കോളജ് സന്ദർശിച്ച് തെളിവെടുപ്പ് നടത്തുകയും, ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരുമായി ചർച്ച നടത്തുകയും ചെയ്ത ശേഷം ദേശീയ വനിത കമീഷൻ അംഗം ഖുശ്ബു സുന്ദർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.