ബംഗളൂരു/മംഗളൂരു: ഹാവേരി താലൂക്ക് ഓഫിസ് ജീവനക്കാർ മഴക്കാലമായതോടെ അകത്തും പുറത്തും കുട ചൂടുന്നു. ജീവനക്കാരുടെ ഇരിപ്പിടങ്ങൾക്ക് തൊട്ടു മുകളിൽ കെട്ടിടം ചോരുന്നു. ഇതിൽ നിന്ന് രക്ഷക്കായി കുടനിവർത്തി തോളിൽ തിരുകിയാണ് ജോലിയിൽ മുഴുകുന്നത്. ഓഫിസിനകത്ത് പലയിടങ്ങളിലായി ബക്കറ്റുകൾ വെച്ചാണ് ചോരുന്ന വെള്ളം ശേഖരിച്ച് പുറത്ത് കളയുന്നത്. ഇല്ലെങ്കിൽ വെള്ളക്കെട്ട് ഉണ്ടാകുമെന്ന് ജീവനക്കാർ പറയുന്നു. കെട്ടിടം ഇടിഞ്ഞു വീഴുമോ എന്ന ഭീതിയും ജീവനക്കാർക്കുണ്ട്.രുദ്രപ്പ ലമനി എം.എൽ.എയോട് പരാതി പറഞ്ഞപ്പോൾ എട്ട് ലക്ഷം രൂപ അറ്റകുറ്റപ്പണിക്ക് അനുവദിച്ചതായി അറിയിച്ചെങ്കിലും ഫണ്ട് ലഭ്യമായിട്ടില്ല. മംഗളൂരുവിൽ പ്രവർത്തിക്കുന്ന ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസിൽ കുട ചൂടി കയറേണ്ട അവസ്ഥയാണെന്ന് ആക്ഷേപമുയരുന്നു. എം.വീരപ്പ മൊയ്ലി കർണാടക മുഖ്യമന്ത്രിയായ 1994ൽ നിർമിച്ചതാണ് മംഗളൂരു നഗര ഹൃദയത്തിലെ ഡി.സി ഓഫിസ് കെട്ടിടം. പുറത്തുനിന്ന് നോക്കുമ്പോൾ ഉറപ്പേറിയതെന്ന് തോന്നുമെങ്കിലും കെട്ടിടം ചോർന്നൊലിക്കുകയാണ്. പഡിലിൽ പുതിയ സിവിൽ സ്റ്റേഷൻ സമുച്ചയം നിർമാണം നടക്കുന്നതിനാൽ നിലവിലുള്ള ഡി.സി ഓഫിസിന് ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. പ്രധാന ഫയലുകളും രേഖകളും നനഞ്ഞ് നശിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.