ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നിർദിഷ്ട ഭൂഗർഭപാതയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയാറായി.
വടക്ക് ഹെബ്ബാൾ മുതൽ തെക്ക് സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ 18 കിലോമീറ്റർ പാതക്ക് 16,500 കോടിയാണ് ചെലവ് കണക്കാക്കുന്നത്. പാതയിൽ മേഘ്രി സർക്കിൾ, റെയ്സ് കോഴ്സ് റോഡ്, ലാൽബാഗ് എന്നിവിടങ്ങളിൽ ഇന്റർചേഞ്ചുകളുണ്ടാകും. തുരങ്കം നിർമിക്കാൻ ആറ് യന്ത്രങ്ങളുപയോഗിക്കാനാണ് ബൃഹദ് ബംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) പദ്ധതി.
ആറു മാസത്തിനകം നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഭൂഗർഭ പാതകളെക്കുറിച്ച് പഠിച്ച ശേഷമാണ് ഡി.പി.ആർ. തയാറാക്കിയതെന്ന് ബി.ബി.എം.പി ചീഫ് എൻജിനീയർ ബി.എസ്. പ്രഹ്ലാദ് പറഞ്ഞു.
പാതയുടെ ഇരുവശത്തും രണ്ട് പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും ഉണ്ടാകും. സിൽക്ക് ബോർഡ് ജങ്ഷനിൽ ഔട്ടർ റിങ് റോഡ്, ഹൊസൂർ റോഡ് ഭാഗത്തേക്കും ഹെബ്ബാൾ ജങ്ഷനിൽ കെ.ആർ. പുരം, ബല്ലാരി റോഡ് ഭാഗങ്ങളിലേക്കുമാകും കവാടങ്ങൾ.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പാത നിർമിക്കുക. 70 ശതമാനം തുക സ്വകാര്യ കരാറുകാരനും 30 ശതമാനം തുക ബി.ബി.എം.പിയുമാകും വഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.