ബംഗളൂരു: കേന്ദ്ര ബജറ്റിൽ ആന്ധ്രപ്രദേശ് ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പൂർണമായി അവഗണിച്ചെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ. ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ധ്രക്കും ബിഹാറിനും പ്രത്യേക ഗ്രാൻഡുകൾ നൽകിയത് പ്രധാനമന്ത്രിയുടെ കസേര ഉറപ്പിക്കാനാണെന്നത് മനസ്സിലാവും. എന്നാൽ, കർണാടകയിൽനിന്നുള്ള ധനമന്ത്രി നിർമല സീതാരാമൻ സ്വന്തം നാടിനോട് നീതി പുലർത്താത്തത് കഷ്ടം.
കർണാടകയുടെ വികസനത്തിന് തങ്ങൾ 5000 കോടി രൂപ അനുവദിച്ചു. തത്തുല്യ തുക കേന്ദ്രത്തിൽനിന്ന് ആവശ്യപ്പെട്ടെങ്കിലും അവർ അനുവദിച്ചില്ല. വിളകളുടെ താങ്ങുവില (എം.എസ്.പി) സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നത് കർഷകർ അഞ്ചുവർഷമായി ഉന്നയിക്കുന്ന ആവശ്യമാണ്. അതേക്കുറിച്ച് ബജറ്റിൽ പരാമർശം പോലുമുണ്ടായില്ല. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
എൻ.ഡി.എ സർക്കാറിനെ താങ്ങിനിർത്താനുള്ള ബജറ്റാണിതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അഭിപ്രായപ്പെട്ടു. സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകിയപ്പോൾ ‘ഇൻഡ്യ’ ഭരണ സംസ്ഥാനങ്ങളെ അവഗണിക്കുകയാണുണ്ടായത്.
അതേസമയം, പ്രധാനമന്ത്രി ഡൽഹിയിൽ വിളിച്ചുചേർത്ത നിതി ആയോഗ് യോഗം കേന്ദ്ര ബജറ്റിൽ കർണാടകയോട് കാണിച്ച അവഗണനയിലുള്ള പ്രതിഷേധ സൂചകമായി ബഹിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ വാർത്ത കുറിപ്പിൽ അറിയിച്ചു. ഈമാസം 27നാണ് യോഗം.
ബംഗളൂരു: ‘നവഭാരത’ത്തിന് ശിലയിടുന്നതാണ് കേന്ദ്ര ബജറ്റെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര അഭിപ്രായപ്പെട്ടു. വനിത ക്ഷേമത്തിന് ഊന്നൽ നൽകിയ ബജറ്റിൽ കാർഷിക മേഖലക്ക് മുന്തിയ പരിഗണന ലഭിച്ചു. ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി ബജറ്റിൽ ഫണ്ട് വകയിരുത്തി. തൊഴിൽ മേഖലയിലും ബജറ്റ് പ്രതീക്ഷ നൽകുന്നതായി വിജയേന്ദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.