ബംഗളൂരു: വിജയപുര ജില്ലയിലെ വഖഫ് ഭൂമി വിവാദത്തിൽ കർഷകർക്ക് അയച്ച നോട്ടീസ് പിൻവലിക്കാൻ കർണാടക സർക്കാർ. കർഷകരിൽനിന്ന് വ്യാപക പ്രതിഷേധമുയരുകയും പ്രതിപക്ഷമായ ബി.ജെ.പി വിഷയം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതിന് പിന്നാലെയാണ് വിവാദ നോട്ടീസ് പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചത്. കർഷകർക്ക് നൽകിയ നോട്ടീസ് പിൻവലിക്കുമെന്നും പിഴവ് സംബന്ധിച്ച് വിജയപുര ഡെപ്യൂട്ടി കമീഷണർ അന്വേഷിക്കുമെന്നും നിയമമന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. തിങ്കളാഴ്ച ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയം വളരെ സെൻസിറ്റിവാണ്. കർഷകരുടെ ഭൂമി പിടിച്ചെടുത്ത് വഖഫ് ഭൂമിയാക്കാൻ സർക്കാറിന് ഒരു ഉദ്ദേശവുമില്ല. ഏതെങ്കിലും വിധത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തും. അതോടൊപ്പം പിഴവു വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിയമമന്ത്രി മുന്നറിയിപ്പ് നൽകി. പഴയ ഗസറ്റിൽ വന്ന പിഴവാണ് തെറ്റായ രീതിയിൽ നോട്ടീസ് അയക്കാൻ കാരണമായതെന്ന് വിജയപുര ജില്ല ചുമതലയുള്ള മന്ത്രി എം.ബി. പാട്ടീൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രശ്നം പരിഹരിക്കാൻ ഡെപ്യൂട്ടി കമീഷണറിന്റെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രി എം.ബി. പാട്ടീലിന്റെ പ്രസ്താവനയോടെ വിഷയത്തിലെ വിവാദം അവസാനിച്ചുവെന്നും ബി.ജെ.പിക്ക് വേണമെങ്കിൽ വിവാദം തുടരാമെന്നും മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. വിഷയത്തിൽ വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ രാജി ബി.ജെ.പി ആവശ്യപ്പെട്ടത് സംബന്ധിച്ച് ചൂണ്ടിക്കാട്ടിയപ്പോൾ, വില്ലേജ് അക്കൗണ്ടന്റോ തഹസിൽദാറോ വരുത്തിയ പിഴവിന് വഖഫ് മന്ത്രി എന്തിന് രാജിവെക്കണമെന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം. ഒരു നോട്ടീസ് തെറ്റായി അയച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ഡെപ്യൂട്ടി കമീഷണറുണ്ട്. അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിൽ അതിന് മുകളിൽ സർക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയപുര തികോട്ട താലൂക്കിലെ ഹൊനവാദ്, ഇൻഡി താലൂക്കിൽ ഉൾപ്പെടുന്ന നെഹള്ളി വില്ലേജുകളിലെ 1200 ഏക്കർ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് നോട്ടീസ് നൽകിയതോടെയാണ് കർഷകർ തെരുവിലിറങ്ങിയത്. വിഷയം വിവാദമായതോടെ, പഴയ ഗസറ്റിലെ പിഴവാണ് വഖഫ് ബോർഡ് നോട്ടീസ് നൽകുന്നതിലേക്ക് നയിച്ചതെന്ന് മന്ത്രി എം.ബി. പാട്ടീൽ വിശദീകരിച്ചു. ‘1974ൽ ഹൊനവാദ് വില്ലേജിലെ ഭൂമി അബദ്ധവശാൽ ഗസറ്റ് വിജ്ഞാപനത്തിൽ ഉൾപ്പെടുകയായിരുന്നെന്നും ഈ ഭൂമി യഥാർഥത്തിൽ മഹൽ ഭാഗ് സർവേ നമ്പറിൽ പെട്ടതാണെന്നും എം.ബി. പാട്ടീൽ ചൂണ്ടിക്കാട്ടി. 1977ൽ ഈ തെറ്റ് വഖഫ് ബോർഡ് തിരുത്തിയിരുന്നു. 10 ഏക്കർ ഖബർസ്ഥാൻ മാത്രമാണ് പ്രസ്തുത വില്ലേജിൽ വഖഫ് ഭൂമിയായുള്ളതെന്നായിരുന്നു തിരുത്തൽ. ബാക്കിവരുന്ന 12,00 ഏക്കർ (1974ൽ വഖഫ് ഭൂമിയായി രേഖപ്പെടുത്തിയത്) കർഷകരുടേതാണെന്നും കർഷകരുടെ ഒരിഞ്ചു ഭൂമിപോലും വഖഫ് ഭൂമിയിൽ വരില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കർഷകരുമായി കൂടിക്കാഴ്ചക്ക് ബി.ജെ.പി നിയോഗിച്ച അഞ്ചംഗ സംഘം ചൊവ്വാഴ്ച വിജയപുര സന്ദർശിക്കും. ഗോവിന്ദ് കർജോൽ എം.പി, എം.എൽ.എമാരായ ഹരീഷ് പൂഞ്ച, മഹേഷ് തെങ്കിൻകായ്, മുൻ എം.എൽ.സി അരുൺ ഷാഹപൂർ, ബി.ജെ.പി കിസാൻ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കൽമരുദ്രപ്പ എന്നിവരാണ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.