ബംഗളൂരു: ജലക്ഷാമം രൂക്ഷമായ ബംഗളൂരുവിൽ ജലസംരക്ഷണ കാമ്പയിനിന് തുടക്കമിട്ട് ജല അതോറിറ്റി. ‘ബംഗളൂരുവിന്റെ വളർച്ചക്ക് ജലം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) കാമ്പയിൻ. ബംഗളൂരു വിധാൻ സൗധയിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രചാരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
നഗരം ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ജലം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ജനങ്ങളെ ബോധവത്കരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ശിവകുമാർ പറഞ്ഞു.
ബംഗളൂരു നഗരത്തിൽ പുതിയ കുഴൽക്കിണറുകൾ കുഴിക്കാൻ ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നത് നിർബന്ധമാക്കിയതായി ശിവകുമാർ പറഞ്ഞു.
നഗരത്തിൽ 6,900 ബോർവെല്ലുകളിൽ ജലം വറ്റിയിരിക്കുകയാണ്.
ആകെ 9,000 ബോർവെല്ലുകളിൽ മാത്രമാണ് വെള്ളമുള്ളത്. ഇനി ബോർവെൽ കുഴിക്കുന്നവർ ജല അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങണം. ആവശ്യം കഴിഞ്ഞുള്ള വെള്ളം സർക്കാറിന് നൽകണം.
എവിടെയാണോ ജലം ആവശ്യമുള്ളത്, അവിടേക്ക് ആ ജലമെത്തിക്കാൻ സർക്കാർ സംവിധാനമൊരുക്കുമെന്നും ശിവകുമാർ പറഞ്ഞു. ബി.ബി.എം.പി പരിധിയിൽ രുക്ഷമായ ജലക്ഷാമം നേരിടുന്ന 110 വില്ലേജുകളിൽ വെള്ളമെത്തിക്കാനുള്ള പദ്ധതി പുരോഗതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. 110 വില്ലേജുകളിലേക്ക് ജലമെത്തിക്കുന്ന കാവേരി സ്റ്റേജ് അഞ്ച് പദ്ധതി മേയിൽ പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.