ബംഗളൂരു: വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ദേശീയ വ്യാപക കാമ്പയിനിന്റെ ഭാഗമായി ബംഗളൂരുവിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിന് സംസ്ഥാന പ്രസിഡന്റ് അഡ്വ. താഹിർ ഹുസൈൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഹബീബുല്ല ഖാൻ, സംസ്ഥാന വനിത അധ്യക്ഷ തലത് യാസ്മീൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഒക്ടോബർ 15ന് ആരംഭിച്ച ദേശീയ കാമ്പയിനിന്റെ സമാപന ദിനമായിരുന്നു തിങ്കളാഴ്ച. കാമ്പയിനിന്റെ ഭാഗമായി 15ന് കലബുറഗിയിൽ ഫ്ലാഗ്ഓഫ് ചെയ്ത ബോധവത്കരണ കാരവന്റെ പര്യടനവും ബംഗളൂരുവിൽ സമാപിച്ചു.
രാജ്യത്തെ തൊഴിലില്ലായ്മക്കും വർധിച്ചുവരുന്ന ഇന്ധനവില വർധനക്കും നാണ്യപ്പെരുപ്പത്തിനുമെതിരെ വിവിധ ജില്ലകളിൽ കാരവൻ ബോധവത്കരണം നടത്തി.
വാർത്തസമ്മേളനങ്ങൾ, ബൈക്ക് റാലി, വിവിധ പ്രതിഷേധ സമരങ്ങൾ തുടങ്ങിയവ കാരവൻ യാത്രയിൽ നടന്നു. ഭരണപരാജയങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഓർമിപ്പിച്ചായിരുന്നു പര്യടനമെന്നും അഞ്ചു ലക്ഷത്തിലേറെ പേർ കാമ്പയിനിൽ പങ്കാളികളായതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.