ബംഗളൂരു: ചാമരാജ് നഗർ ഗുണ്ടൽപേട്ടിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766ൽ ചരക്കുലോറിയിടിച്ച് കാട്ടാന ചെരിഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാട്ടാന റോഡ് മുറിച്ചുകടക്കവെ, മുത്തങ്ങ ഭാഗത്തുനിന്നുവന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ചരക്കുലോറി ഇടിക്കുകയായിരുന്നു. രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയിൽ യാത്രാ നിരോധനം നിലനിൽക്കുന്ന പാതയിലാണ് അപകടം. ചെക്ക് പോസ്റ്റിൽ ഗേറ്റ് അടക്കുന്നതിനുമുമ്പാണ് അപകടം വരുത്തിയ ലോറി കടന്നുപോയതെന്നും ഏകദേശം 8.30 ഓടെയാണ് സംഭവമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. രാത്രിയാത്രാ നിരോധനം 2019ൽ സുപ്രീംകോടതി അംഗീകരിച്ചശേഷം ഈ പാതയിൽ ആദ്യമായാണ് ആന വാഹനമിടിച്ച് ചെരിയുന്നതെന്ന് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
ലോറിയിടിച്ച് കാട്ടാന ചെരിഞ്ഞ സംഭവത്തെ തുടർന്ന് വനപാതയിലെ യാത്രാനിരോധന സമയം ദീർഘിപ്പിക്കണമെന്ന ആവശ്യവുമായി വന്യജീവി സ്നേഹികൾ രംഗത്തുവന്നു.
നിലവിൽ രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ എന്നത് വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയാക്കണമെന്നും നാഗർഹോളെ കടുവ സങ്കേതത്തിലൂടെ കടന്നുപോവുന്ന പാതയിലും ഇത് ബാധകമാക്കണമെന്നും വന്യജീവി സംരക്ഷണ പ്രവർത്തകനായ ജോസഫ് ഹൂവർ ആവശ്യപ്പെട്ടു.
സംരക്ഷിത വനമേഖലയിലെ പാതയിൽ കടുവയും പുലിയും മാനും ആനയും കൊല്ലപ്പെടുകയാണ്. ട്രെയിനിടിച്ചും മറ്റു വാഹനങ്ങളിടിച്ചും വന്യജീവികൾ കൊല്ലപ്പെടുകയാണ്. വനമേഖലയിൽ വേഗപരിധി മണിക്കൂറിൽ 40 കിലോമീറ്ററായി ചുരുക്കിയിട്ടും മിക്ക വാഹനങ്ങളും മണിക്കൂറിൽ 60 മുതൽ 80 വരെ കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ഹൂവർ കുറ്റപ്പെടുത്തി.
സംരക്ഷിത വനമേഖലകളിൽ ഓരോ 500 മീറ്ററിലും ഹംപ് സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്രയും വലിയ ആനയെ ഡ്രൈവർക്ക് കാണാൻ കഴിയുന്നില്ലെങ്കിൽ രാത്രി പുറത്തിറങ്ങുന്ന മറ്റു ജീവികളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ചരക്കുനീക്കത്തിനും പഴം- പച്ചക്കറികൾ കൊണ്ടുപോവുന്നതിനും ബന്ദിപ്പൂർ പാതയിലെ യാത്രാനിരോധനം നീക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
വിലമതിക്കാനാവാത്ത വന്യജീവി വർഗങ്ങർ നമ്മുടെ ജീവിതത്തിന്റെയും ആവാസ വ്യവസ്ഥയുടെയും ഭാഗമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിലാക്കണമെന്നും എല്ലായ്പോഴും ജീവിതം മനുഷ്യകേന്ദ്രീകൃതമായി കാണരുതെന്നും ഹൂവർ പറഞ്ഞു. 12 മണിക്കൂർ യാത്രാനിരോധനം യാത്രക്കാർക്കും വന്യജീവികൾക്കും ഒരുപോലെ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.