ബംഗളൂരു: പൊലീസ് തിരയുന്ന ഗുണ്ടനേതാവിനൊപ്പം വേദി പങ്കിട്ട് ബി.ജെ.പി നേതാക്കൾ. ഞായറാഴ്ച ബംഗളൂരുവിൽ നടന്ന ചടങ്ങിലാണ് ഗുണ്ടയായ 'സൈലന്റ് സുനിലി'നൊപ്പം ബി.ജെ.പി എം.പിമാരും എം.എൽ.എമാരുമടക്കമുള്ളവർ വേദി പങ്കിട്ടത്. സംഭവം വിവാദമായതോടെ സൈലന്റ് സുനിയെ ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ തള്ളിപ്പറഞ്ഞു. എന്നാൽ, ബി.ജെ.പിയുടെ ക്രിമിനൽ സ്വഭാവമാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന ആരോപണവുമായി പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തുവന്നു. കന്നഡ രാജ്യോത്സവത്തിന്റെയും അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ഒന്നാം ചരമവാർഷികത്തിന്റെയും ഭാഗമായി ചാമരാജ് പേട്ടിലെ വെങ്കട്ടരാം കലാഭവനിൽ ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിലാണ് സംഭവം.
പി.സി. മോഹനെ കൂടാതെ, ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ, ചിക്ക്പേട്ട് എം.എൽ.എ ഉദയ് ഗരുഡാചർ, മുൻ ബി.ബി.എം.പി മേയർ എൻ.ആർ. രമേശ് തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്. വേദിയിൽ ഗുണ്ടനേതാവ് നിൽക്കുന്നതിന്റെയും നിലവിളക്ക് കൊളുത്തുന്നതിന്റെയും രക്തദാനം ചെയ്യുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നു. ചടങ്ങിൽ സുനിൽ സന്ദേശവും നൽകി. ബംഗളൂരു നഗരത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നവംബർ 23ന് സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നെങ്കിലും സൈലന്റ് സുനിലിനെ 'കാണാനി'ല്ലെന്നും 'ഒളിവിൽ' ആണെന്നുമായിരുന്നു പൊലീസ് ഭാഷ്യം. ഒളിവിൽ കഴിയുന്നുവെന്ന് പൊലീസ് പറയുന്ന ഗുണ്ടനേതാവ് കാവി ഷാളുമണിഞ്ഞ് ബി.ജെ.പി ജനപ്രതിനിധികൾക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ പൊലീസിന്റെ റെയ്ഡ് പ്രഹസനമായിരുന്നെന്ന വിമർശനവുമുയർന്നു.
അഞ്ച് എ.സി.പിമാരുടെയും 19 പൊലീസ് ഇൻസ്പെക്ടർമാരുടെയും 160 പൊലീസുകാരുടെയും നേതൃത്വത്തിൽ നവംബർ 23ന് പുലർച്ച 2.30നായിരുന്നു പ്രസ്തുത റെയ്ഡ് നടന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ക്രിമിനൽ പ്രവർത്തനങ്ങൾ മുൻകൂട്ടി തടയുക എന്ന ലക്ഷ്യത്തിലായിരുന്നു റെയ്ഡ്. 26 ഗുണ്ടനേതാക്കളെ സി.സി.ബി പിടികൂടിയെങ്കിലും സൈലന്റ് സുനിയെ കൂടാതെ സൈക്കിൾ രവി, ജെ.സി.ബി നാരായണ, വിൽസൻ ഗാർഡൻ നാഗ, ഒന്റേ രോഹിത് അടക്കം 14 പേർ ഒളിവിലാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഒളിവിൽ പോയ ഗുണ്ടകൾക്ക് റെയ്ഡ് സംബന്ധിച്ച വിവരം ചോർന്നുകിട്ടിയിരിക്കാമെന്നായിരുന്നു സി.സി.ബി വൃത്തങ്ങൾ പ്രതികരിച്ചത്.
ഭരണപക്ഷ പാർട്ടിയായ ബി.ജെ.പിയിൽ സ്വാധീനമുള്ള കുപ്രസിദ്ധ ഗുണ്ടക്ക് പൊലീസ് സംരക്ഷണമൊരുക്കുകയാണെന്നാണ് ആരോപണം. ചാമരാജ് പേട്ടിൽ സംഘടിപ്പിച്ച പരിപാടി കനത്ത പൊലീസ് സംരക്ഷണത്തിലായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. സൈലന്റ് സുനിൽ ബി.ജെ.പിയിൽ ചേരാനൊരുങ്ങുകയാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പദ്ധതിയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പി ക്രിമിനലുകളുമായി കൈകോർത്തിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഗുണ്ടക്കെതിരെ നടപടിയെടുക്കുന്നതിൽനിന്ന് പൊലീസിനെ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര തടഞ്ഞതാണോ എന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി, കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര എന്നിവരുടെ പ്രതികരണം. 'സാമൂഹിക പ്രവർത്തനം' നടത്തുന്ന സുനിലിനെയാണ് തനിക്കറിയാവുന്നതെന്നും അയാൾ സൈലന്റ് സുനിൽ ആണെന്ന് തനിക്കറിയാമായിരുന്നില്ലെന്നും ചിക്ക്പേട്ട് എം.എൽ.എ ഉദയ് ഗരുഡാചർ പറഞ്ഞു. സൈലന്റ് സുനി ചടങ്ങിൽ പങ്കെടുത്ത വിവരം വൈകിയാണ് തങ്ങളറിഞ്ഞതെന്നായിരുന്നു ക്രൈം വിഭാഗം ജോയന്റ് കമീഷണർ ശരണപ്പയുടെ പ്രതികരണം.
അതേസമയം, സൈലന്റ് സുനിലിനെ പാർട്ടിയിൽ ചേരാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻകുമാർ കട്ടീൽ പറഞ്ഞു. 'കുപ്രസിദ്ധ ഗുണ്ടയായ സൈലന്റ് സുനിലിന് ബി.ജെ.പിയിൽ ഒരു സ്ഥാനവുമില്ല. സുനിലിനൊപ്പം ചില ബി.ജെ.പി നേതാക്കൾ വേദി പങ്കിട്ടതായി അറിഞ്ഞെന്നും ആ നേതാക്കളോട് വിശദീകരണം തേടുമെന്നും കട്ടീൽ വ്യക്തമാക്കി. ഇത്തരം വിവാദങ്ങളിൽനിന്ന് നേതാക്കൾ ഒഴിഞ്ഞുനിൽക്കണമെന്നും കട്ടീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.