ബംഗളൂരു: ബംഗളൂരുവിന് സമീപമുള്ള ചിക്കബല്ലാപുർ ജില്ലയിലെ കൊതുകുകളിൽ സിക വൈറസിനെ കണ്ടെത്തി. സിദ്ലഗുട താലൂക്കിലെ തലകയലബെട്ടയിൽനിന്നുള്ള സാമ്പിളിലാണ് വൈറസ് സാന്നിധ്യം. തുടർന്ന് ഈ ഭാഗത്തുള്ള പനിബാധിതരെ വിശദമായി പരിശോധിക്കുകയാണ്. ചിക്കബല്ലാപുരിലെ കൊതുകുകളെ ആഗസ്റ്റിൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വൈറസ് ബാധ തിരിച്ചറിഞ്ഞത്.
തലകയലബെട്ടയിലെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം 100 സാമ്പിളുകൾ ശേഖരിച്ചു.
ആറെണ്ണം ചിക്കബല്ലാപുരിൽനിന്നുള്ളതാണ്. അതിൽ അഞ്ചെണ്ണം നെഗറ്റീവും ഒരെണ്ണം പോസിറ്റീവുമാണെന്ന് ജില്ല ആരോഗ്യ ഓഫിസർ ഡോ. എസ്. മഹേഷ് പറഞ്ഞു.
കടുത്ത പനി ബാധിച്ച മൂന്ന് രോഗികളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനക്കിടെ ശേഖരിച്ച സാമ്പിളുകളിൽ വൈറസ് വഹിക്കുന്നതായി കണ്ടെത്തിയ കൊതുകുകളും ഉൾപ്പെടുന്നു. ഒക്ടോബർ 25നാണ് ഫലം വന്നത്.
ഡെങ്കിപ്പനി, ചികുൻഗുനിയ തുടങ്ങിയവ പരത്തുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് സിക വൈറസും പകരുന്നത്. 1947ൽ യുഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറിൽ കർണാടകയിലെ റായ്ച്ചൂർ ജില്ലയിൽ അഞ്ചുവയസ്സുകാരിക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഡിസംബറിൽ മഹാരാഷ്ട്രയിൽ പ്രായമായ വ്യക്തിക്കും സിക വൈറസ് സ്ഥിരീകരിച്ചു. നിലവിൽ ഇതിന് മരുന്നോ പ്രത്യേക ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.