'തിരക്കഥയാണ് താരം'

സമാന്തരസിനിമയിലൂടെ അറിയപ്പെട്ട് മുഖ്യധാരാസിനിമയിൽ ഇടം നേടിയ നടനാണ് ഇര്‍ഷാദ്. ചെയ്ത വേഷങ്ങളൊക്കെയും വേറിട്ടതെന്ന് തോന്നിക്കുന്നതാണ് ഇര്‍ഷാദിന്‍റെ അഭിനയമികവ്. സിനിമയിലെത്തി 20 വര്‍ഷം പിന്നിട്ട അദ്ദേഹം നൂറോളം സിനിമയിലഭിനയിച്ച് ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്‍െറ ജോമോന്‍െറ സുവിശേഷങ്ങളിലെത്തി നില്‍ക്കുമ്പേള്‍ 'മാധ്യമം ഓണ്‍ലൈനു'മായി സംസാരിക്കുന്നു.
 

ടൈപ്പ് ചെയ്യപ്പെടാതെ വൈവിധ്യമാര്‍ന്ന വേഷം ചെയ്യാന്‍ കഴിഞ്ഞതെങ്ങനെ?
ടൈപ്പ് ചെയ്യപ്പെട്ടില്ലെങ്കിലും മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. സമാന്തര സിനിമയുടെ, അല്ലെങ്കില്‍ അവാര്‍ഡ് സിനിമയുടെ ആളായതിനാല്‍ കൊമേഴ്സ്യല്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞായിരുന്നു അത്. സമാന്തര സിനിമകള്‍ക്കുള്ളില്‍ പെട്ടുപോയി എന്നുള്ളതാണ് കാരണം. പിന്നീട് 'പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, ദൃശ്യം' എന്ന ചിത്രങ്ങളിലൊക്കെ വന്നതോടെയാണ് മാറ്റമുണ്ടായത്.

ടൈപ്പിങ്ങിനെ മറികടക്കാന്‍ എന്താണ് ചെയ്തത്?
അതിനെ മറി കടക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. അതിന്‍റെ ഫലമായാണ് ഇപ്പോൾ പുറത്തിറങ്ങുന്ന സിനിമകളിലെ വേഷങ്ങളിൽ എത്തിപ്പെട്ടത്. സിനിമയില്‍ എത്തി ഒന്നോ രണ്ടോ സിനിമകളിലഭിനയിക്കാൻ വലിയ പ്രയാസമില്ല. എന്നാൽ ഇൻഡസ്ട്രിയിൽ പിടിച്ചു നില്‍ക്കുക പ്രയാസമാണ്. എന്നാല്‍ 20 വര്‍ഷമായി ഇതല്ലാതെ വേറെ പണിയൊന്നും ഞാന്‍ ചെയ്തിട്ടില്ല. സിനിമയില്‍ നിന്ന് കുറച്ചു കാലം മാറി നിന്നിട്ടുണ്ട്. 'പാഠം ഒന്ന് ഒരു വിലാപ'ത്തിന് ശേഷം ഒരു 10 വർഷം സീരിയലിലഭിനയിച്ചു. ടി.വി. ചന്ദ്രനെപോലുള്ള സംവിധായകര്‍ വര്‍ഷത്തില്‍ ഒരു പടമല്ലേ ചെയ്യുകയുള്ളൂ സിനിമയില്ലെങ്കില്‍ ഇഷ്ടം പോലെ സീരിയലുണ്ടല്ലോ സീരിയലില്‍ അഭിനയിച്ചോ എന്നാണ് അവർ എന്നോട് പറഞ്ഞത്.

തിരിച്ചുവരവ് എങ്ങനെയായിരുന്നു?
കുറെകാലം സീരിയല്‍ ചെയ്തപ്പോള്‍ സംവിധായകരും സുഹൃത്തുക്കളുമൊക്കെ പറഞ്ഞു, സീരിയലില്‍ നിനക്ക് ചെയ്യാവുന്നതിനപ്പുറം ചെയ്തുകഴിഞ്ഞുവെന്ന്. നിന്‍െറ വഴി സിനിമ തന്നെയാണെന്നും ഒന്നുകൂടി ശ്രമിച്ചു നോക്കാനും അവർ പറഞ്ഞു.അങ്ങനെയാണ് ഭക്തജനങ്ങളുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലൂടെ നായകനായി തിരിച്ചുവന്നു. ബോക്സോഫീസ് ഹിറ്റൊന്നുമായിരുന്നില്ലെങ്കിലും നല്ല സിനിമയായിരുന്നു. ഇഷ്ടപ്പെട്ട വേഷമായിരുന്നു. ഇപ്പഴും ഞാന്‍ അഭിനയിച്ച നല്ല സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഒന്നതായിരിക്കും. അതിന് ശേഷമാണ് ഞാന്‍ സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ തുടങ്ങിയത്. പിന്നീട്  നരസിംഹം, ദൃശ്യം തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായി. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്‍െറ സിനിമയിലെത്തി. സത്യൻ അന്തിക്കാടിന്‍റെ സിനിമയിൽ അഭിനയിക്കുകയെന്നത് എന്‍റെ സ്വപ്നമായിരുന്നു. സിനിമയിലേക്ക് വരുന്ന കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സംവിധായകനായിരുന്നു സത്യൻ. ഞങ്ങള്‍ തൃശൂരുകാരാണ്. അദ്ദേഹത്തിന്‍െറ അടുത്ത് ഒരുപാടു തവണ അവസരം ചോദിച്ചിട്ടുണ്ട്. എന്നിട്ടപ്പോഴാണ് അവസരം ലഭിക്കുന്നത്. ഞാന്‍ അത് സൂചിപ്പിച്ചപ്പോള്‍ ‘എല്ലാത്തിനും അതിന്‍േറതായ സമയമുണ്ട് ദാസാ’ എന്നാണ് അദ്ദേഹം പറഞ്ഞത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ഹ്യൂമര്‍ ടച്ചുള്ള വേഷം ചെയ്തതു കണ്ടാണ് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.

ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കില്‍ കംഫര്‍ട്ടബ്ളായി ചെയ്യാന്‍ പറ്റിയ വേഷം?
ടൈപ്പ് ചെയ്യപ്പെടാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് എന്നല്ലാതെ അങ്ങനെയൊന്നുമില്ല. ഈ പെരുന്നാളിനോടനുബന്ധിച്ചിറങ്ങിയ മൂന്ന് സിനിമകളിലും ഞാന്‍ പൊലീസ് ഓഫിസറാണ്. അതില്‍ കസബയില്‍ വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള പൊലീസ് ഓഫിസറാണ്. അനുരാഗകരിക്കിന്‍ വെള്ളത്തില്‍ ഹ്യൂമര്‍ ടെച്ചുള്ള ഒരു പൊലീസ് ഓഫിസറാണ്. പരീക്കുട്ടിയും ഞാനും എന്ന ചിത്രത്തില്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ പൊലീസ് ഓഫിസറാണ്. ഇങ്ങനെ വ്യത്യസ്തമാണ് എന്‍റെ വേഷങ്ങള്‍. അത് ആസ്വദിക്കുന്നു. അത് എന്‍െറ തെരഞ്ഞെടുപ്പല്ല. ഭാഗ്യമാണ്. അങ്ങനെ ഏത് വേഷവും എന്നെ വിശ്വസിച്ച് ഏല്‍പിക്കാമെന്ന സംവിധായകരുടെ വിശ്വാസമാണ് എന്‍റെ ശക്തി.
വ്യത്യസ്തമായ വേഷങ്ങള്‍ വരികയെന്നത് ഓരോ നടന്‍െറയും ആഗ്രഹമാണ്. കുറെ കാലത്തെ അലച്ചിലിന്‍െറ ഫലമായി ഒരു വേഷവും കിട്ടാത്ത പോയിന്‍റിൽ നിന്ന് വ്യത്യസ്തമായ വേഷങ്ങള്‍ കിട്ടുന്ന കാലത്തെത്തുകയെന്നത് വലിയ കാര്യമാണ്.

നായകവേഷം എത്രത്തോളം റിസ്കാണ്?

നായകവേഷം റിസ്ക് തന്നെയാണ്. ഭക്തജനങ്ങളുടെ ശ്രദ്ധക്ക് എന്ന ചിത്രത്തില്‍ എനിക്ക് പകരം കുറച്ചുകൂടി അറിയപ്പെടുന്ന നടനായിരുന്നെങ്കില്‍ സിനിമ കുറെ കൂടി ഓടുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ആ തിരിച്ചറിവ് അന്നെനിക്കുണ്ടായിട്ടില്ല. ഇന്നെനിക്കുണ്ട്. തിയറ്ററിലേക്ക് ആളെത്തിക്കുകയെന്നത് എളുപ്പമുള്ള പണിയല്ല. ഒരു സുപ്രഭാതത്തില്‍ കഴിയുന്ന കാര്യവുമല്ല. ക്രമേണ സാധിക്കേണ്ടതാണ്. അതിനാല്‍ ഒരു നായകവേഷം ഏറ്റെടുക്കാന്‍ എന്നിലെ നടന്‍ അനുവദിക്കുന്നില്ല. തിയറ്റര്‍ റിലീസോ മറ്റോ ആഗ്രഹിക്കാത്ത ഒരു സമാന്തര സിനിമയില്‍ ഒരു പക്ഷേ നായകനായേക്കാം. എന്നാല്‍ കച്ചവട സിനിമയില്‍ തല്‍ക്കാലമില്ല.
 
പ്രേക്ഷകരെ ആകര്‍ഷിക്കാൻ ബുദ്ധിമുട്ടാണോ?

പ്രേക്ഷകരെ ആകര്‍ഷിക്കുകയെന്നത് അത്ര ചെറിയ കാര്യമല്ല. ഇര്‍ഷാദ് എന്ന നടനെ അറിയാത്തവര്‍ ധാരാളമുണ്ട്. ചിലപ്പോള്‍ ഒരു നടനായി എന്നെയറിയാം. പക്ഷേ അയാളുടെ പേരെന്താ എന്നൊക്കെ ചോദിക്കും. കമല്‍സാറിന്‍െറ മകന്‍ സംവിധാനം ചെയ്ത ചിത്രം കാണാന്‍ തിയറ്ററില്‍ മാനേജറെ വിളിച്ച് ഞാന്‍ സിനിമാ നടന്‍ ഇര്‍ഷാദാണ് എന്ന് പറഞ്ഞപ്പോള്‍ അറിയില്ലെന്നാണ് അയാള്‍ പറഞ്ഞത്. ടിക്കറ്റെടുത്ത് വെക്കാമെന്നും പറഞ്ഞു. മമ്മൂട്ടിയെ കുറിച്ച് ഒരു കഥയുണ്ട്. ഒരിക്കല്‍ മമ്മൂട്ടി താരമായി നില്‍ക്കുമ്പോള്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ പ്രശസ്ത എഴുത്തുകാരന്‍ ഒ.വി. വിജയന്‍െറ അടുത്ത് പോയി. വിജയേട്ടാ എന്ന് വിളിച്ച് മമ്മൂക്ക ചെന്നു. വിജയന്‍ ചോദിച്ചു: ആരാ?
മമ്മൂട്ടി
എന്താ ചെയ്യണെ?
സിനിമയില്‍ അഭിനയിക്കുന്നു.
ശരി എന്ന് പറഞ്ഞത്രേ വിജയന്‍.
അപ്പോള്‍ അതാണ്. ഒ.വി. വിജയനെ ഒരുപാട് പേര്‍ അറിയും. പക്ഷേ ആ വിജയന്‍ മമ്മൂട്ടിയെ അറിയില്ല.
ദുല്‍ഖറിനൊക്കെ പെട്ടെന്ന് ആളുകളെ കൈയിലെടുക്കാന്‍ കഴിഞ്ഞു. ബിജുമേനോനാണെങ്കില്‍ എത്രയോ കാലം കഴിഞ്ഞാണ് ഒരു ഹിറ്റുണ്ടാക്കാന്‍ കഴിഞ്ഞത്. ആളുകളെ ആകര്‍ഷിക്കുക എന്നത് വലിയ കാര്യമാണ്.  ദുല്‍ഖര്‍ സല്‍മാനാണ് ഏറ്റവും കുടുതല്‍ പ്രേക്ഷകരുള്ള നടന്‍. ഫസ്റ്റ് ദിവസം തന്നെ നല്ല കളക്ഷനായിരിക്കും. അപ്പോള്‍ പ്രേക്ഷകരെ ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമല്ല.
 
 

ഫാന്‍സ് എത്രത്തോളം സഹായകമാണ്?
ഫാന്‍സ് സഹായിക്കുന്നില്ലെന്ന് പറഞ്ഞുകൂടാ. തുടക്കകാലത്ത് സഹായിക്കുമായിരിക്കും. എന്നാല്‍ പരിപൂര്‍ണ വിജയത്തിന് അത് സഹായകമല്ല. അങ്ങനെയെങ്കില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍െറയും എല്ലാ പടങ്ങളും വിജയിക്കണമല്ലോ.

സിനിമയിലെ പ്രധാന വിജയഘടകം എന്താണ്?
മലയാള സിനിമയില്‍ തിരക്കഥയാണ് പ്രധാനം. ഒരു സ്റ്റാര്‍ എന്‍ട്രിയാകണമെങ്കില്‍ നല്ല സ്ക്രിപ്റ്റ് വേണം. ഇപ്പോള്‍ സിനിമ ഭരിക്കുന്നത് നല്ല തിരക്കഥകളാണ്. നല്ല തിരക്കഥയുണ്ടെങ്കില്‍ സൂപ്പർ സ്റ്റാറുകള്‍ വരെ ഡേറ്റ് കൊടുക്കാന്‍ തയാറാണ്.

സിനിമാ പാരമ്പര്യം ഘടകമാണോ?
അല്ല. എല്ലാവര്‍ക്കും എല്ലാമായി തീരാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ ഫഹദ് ഫാസില്‍ ആദ്യസിനിമയിൽ തന്നെ സൂപ്പര്‍ സ്റ്റാര്‍ ആകേണ്ടതായിരുന്നു. സ്വന്തം പിതാവായ ഹിറ്റ്മേക്കര്‍ ഫാസിലിന്‍െറ ചിത്രത്തിലൂടെയായിരുന്നു രംഗപ്രവേശം. എന്നിട്ടും സ്റ്റാര്‍ ആകാന്‍ കാത്തിരിക്കേണ്ടി വന്നു. സിനിമയില്‍ ഭാഗ്യം വല്ലാത്തൊരു ഘടകമാണ്.

സിനിമയില്‍ ബോധപൂർവമായ മാറ്റിനിർത്തൽ ഉണ്ടോ?
 ഒരാള്‍ വിചാരിച്ചാല്‍ ഒതുക്കാനൊന്നും കഴിഞ്ഞുകൊള്ളണമെന്നില്ല. ഞാന്‍ ആകേണ്ടത് ആയിത്തീരും. ഞാന്‍ ചെയ്യേണ്ട കഥാപാത്രങ്ങള്‍ ആരെല്ലാം തട്ടി മാറ്റിയാലും ഞാന്‍ തന്നെ ചെയ്തിരിക്കും. അവനവന് വിധിക്കപ്പെട്ടത് അവനെ തേടിയത്തെിയിരിക്കും. ഖുര്‍ആനില്‍ തന്നെ അതു പറഞ്ഞിട്ടുണ്ടല്ലോ. പരദേശി എന്ന സിനിമയില്‍ ആദ്യം എന്നെ ആലോചിച്ചിരുന്നു. പിന്നെ വേറൊരാളെ കാസ്റ്റു് ചെയ്തു. പിന്നീട് മാറ്റി വീണ്ടും എന്നെ തന്നെയെടുത്തു. വിധി അത് എനിക്ക് വേണ്ടി മാറ്റി വെച്ചതായിരുന്നു.
 
 

വിസ്മയിപ്പിച്ച അഭിനയം ആരുടേതാണ്?
എല്ലാവരുടെതും അദ്ഭുത നടനമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ പുതിയ തലമുറയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഫഹദും വേറിട്ട അഭിനയത്തിലൂടെ ശ്രദ്ധേയമായ നടനാണ്. ഹിന്ദിയിലാണെങ്കില്‍ ഇര്‍ഫാന്‍ഖാന്‍, തമിഴില്‍ കമലഹാസനൊക്കെ അദ്ഭുതമാണ്. പുതിയ കാലത്ത് അഭിനയം നല്ലതല്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാകില്ല.

ആദ്യകാലത്തെ അപേക്ഷിച്ച് സിനിമയിൽ ഇപ്പോഴുണ്ടായ മാറ്റങ്ങൾ ?
ഇപ്പോള്‍ അഭിനയമില്ല. ബിഹേവ്'ചെയ്യുകയാണ്. ആ കഥാപാത്രത്തെകുറിച്ച് പൂര്‍ണമായി മനസ്സിലാക്കിയാല്‍ ഓരോ ചലനങ്ങളിലും കഥാപാത്രത്തിന്‍േറതായ മാനറിസങ്ങള്‍ വരും. പുതിയ തലമുറയിലുള്ളവര്‍ക്ക് അതറിയാം. കുറെ കാലത്തെ അനുഭവം വെച്ച് ഞാനും അത് പിന്തുടരാന്‍ ശ്രമിക്കുന്നുണ്ട്.
 
താങ്കളഭിനയിച്ച ചിത്രങ്ങളിൽ ഇഷ്ടമുള്ളവ?

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, പാഠം ഒന്ന് ഒരു വിലാപം, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ദൃശ്യം, അനുരാഗ കരിക്കിന്‍വെള്ളം തുടങ്ങിയവ.

സിനിമയിലെ ഭാവി?
ചെറുതായാലും വലുതായാലും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നതാണ് ആഗ്രഹം. ചെറിയ വേഷങ്ങളാണെങ്കിലും എല്ലാ സംവിധായകരുടെയും ചിത്രങ്ങളിലഭിനയിച്ചു. സത്യന്‍ അന്തിക്കാടിന്‍െറ സിനിമയിലഭിനയിക്കണമെന്നായിരുന്നു മോഹം. അതും സഫലമായി. അതിന്‍െറ ഒരു സന്തോഷത്തിലാണ്.

സിനിമയില്‍ അഭിനയത്തിനപ്പുറം ആഗ്രഹങ്ങളുണ്ടോ?
ഇല്ല. ഞാന്‍ നടനാണ്. അതിന്‍െറ പൂർണതയിൽ ചെയ്യണമെന്നാണ് ലക്ഷ്യം. നാളെ ഒരുപക്ഷേ നിര്‍മാണത്തില്‍ പങ്കാളിയാകാം. സിനിമയുടെ മറ്റു മേഖലകളിലേക്ക് കടക്കാം. അതൊക്കെ സാന്ദര്‍ഭികമായുണ്ടാകുന്നതാണ്. പ്രധാന ലക്ഷ്യം അഭിനയമാണ്. എവിടെ പോയാലും ഞാന്‍ നടനാണ്. അങ്ങനെ അറിയപ്പെടാനാണ് ആഗ്രഹം.

Tags:    
News Summary - actor irshad interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.