ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ബിഗ്ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകൻ എം. പത്മകുമാർ മാധ്യമം ഒാൺലൈനുമായി പങ്കുവെക്കുന്നു.
വലിയ ക്യാൻവാസിൽ ഒരുക്കിയ മാമാങ്കം
മലയാളത്തിൽ വളരെ അപൂർവ്വമായി സംഭവിക്കുന്ന സിനിമയാണ് മാമാങ്കം. വർഷത്തിൽ നൂറ്റിയമ്പതോളം സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങുന്നുണ്ട്. എന്നാൽ ഇത്തരം വലിയ സിനിമകൾ വർഷങ്ങളുടെ ഇടവേളകളിലാണ് പുറത്തിറങ്ങുന്നത്.
കഴിഞ്ഞ പത്തു മുപ്പത് വർഷങ്ങൾക്കിടയിൽ തന്നെ പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി, ഒരു വടക്കൻ വീരഗാഥ എന്നിങ്ങനെ വളരെ കുറച്ച് സിനിമകൾ മാത്രമേ ചരിത്ര പശ്ചാത്തലത്തിൽ പുറത്തിറങ്ങിയിട്ടുള്ളു. അതിനാൽ തന്നെ വ്യത്യസ്തമായ ഒരു സിനിമാനുഭവം/ദൃശ്യാനുഭവം ആയിരിക്കും മാമാങ്കം. വലിയ ആക്ഷൻ ത്രില്ലറായിട്ടല്ല, ചരിത്ര സിനിമയായാണ് ചിത്രം ഒരുക്കുന്നത്.
ചരിത്ര സിനിമകളെ പരിചയപ്പെടാൻ ഹരിഹരന്‍റെ സംവിധായക സഹായിയായിയുള്ള അരങ്ങേറ്റം ഗുണം ചെയ്തോ ?
ഒരു വടക്കൻ വീരഗാഥയിൽ ഞാൻ സംവിധായക സഹായിയായിരുന്നു. അന്ന് പഠിച്ച കാര്യങ്ങൾ മാമാങ്കത്തിലും ഉപയോഗിക്കാൻ കഴിഞ്ഞു. എങ്ങിനെ ചിത്രീകരിക്കണമെന്നല്ല, ചിത്രീകരണ സെറ്റ് എങ്ങനെ കൈകാര്യം ചെയ്യാമെന്ന കാര്യമൊക്കെ പഠിക്കാനായി. ഹരിഹരൻ സാറിനെ കൂടാതെ ഐ.വി ശശി, ജോഷി,ഷാജി കൈലാസ്, രഞ്ജിത്ത് എന്നിവരുടെ കൂടെയെല്ലാം ജോലി ചെയ്തിട്ടുണ്ട്.
ചെറിയ ബഡ്ജറ്റിൽ ചെയ്ത ജോസഫിന് ശേഷം വലിയ ബഡ്ജറ്റിൽ ചെയ്യുന്ന മാമാങ്കം ജോസഫ് താരതമ്യേന ചെറിയ ബഡ്ജറ്റിൽ ചെയ്ത ചിത്രമായിരുന്നു. മാമാങ്കം അങ്ങനെ അല്ല. അത്കൊണ്ട് തന്നെ ശാരീരികമായും മാനസികമായും അതിന്‍റേതായ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം നൽകുന്നതിന്‍റെ അവേശമുണ്ട്.
മാമാങ്കത്തെ കുറിച്ച് മുമ്പേ അറിയാമായിരുന്നോ?
അറിയാമായിരുന്നു. എന്നാൽ 75% മലയാളികൾക്കും മാമാങ്കത്തെ കുറിച്ച് പൂർണ്ണമായും അറിയില്ല. എങ്കിലും അവർക്കെല്ലാം ഒരു ഏകദേശ ധാരണ ഉണ്ട്. മാമാങ്കത്തെ കുറിച്ച് ഞാൻ പഠിച്ചിട്ടുണ്ടായിരുന്നു. എന്നാൽ സിനിമക്ക് വേണ്ടിയാണ് കൂടുതൽ പഠിച്ചത്.
പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ കാലഘട്ടം പുനരാവിഷ്‌കരിക്കുക എന്നത് വെല്ലുവിളിയായിരുന്നോ?
മാമാങ്കത്തെ കുറിച്ച് ഫോട്ടോയോ വ്യക്തമായ തെളിവുകളോ നമുക്ക് ലഭിച്ചിട്ടില്ല. എഴുതിവെക്കപ്പെട്ട സംഭവങ്ങളിൽ സിനിമ ഉണ്ടാക്കുകയായിരുന്നു. പ്രേക്ഷകരെ രണ്ടര മണിക്കൂർ പിടിച്ചിരുത്തണം. റിയലിസ്റ്റിക് രീതി പിന്തുടരുന്നത് കൊണ്ട് ഗുണമില്ല. അതിനാൽ തന്നെ ചരിത്ര പശ്ചാത്തലത്തിലൂടെ സിനിമക്ക് ആവശ്യമുള്ള കാര്യങ്ങൾ കൂട്ടിച്ചേർത്തു. മികച്ച ആർട്ട് ഡയറക്ടർ, കോസ്റ്റ്യും ഡിസൈനർ, മേക്കപ്പ് മാൻ, ക്യാമറമാൻ തുടങ്ങി എല്ലാവരും ചേർന്ന് നന്നായി റിസർച്ച് ചെയ്ത് സഹകരണം ഉറപ്പാക്കിയതിനാൽ വലിയ ബുദ്ധിമുട്ട് തോന്നിയില്ല.
സംവിധായകരുടെ കൂടെ പ്രവർത്തിച്ച അനുഭവം സിനിമക്കായി എത്രമാത്രം ഉപകരിച്ചു?
ഒരുപാട് ഗുണമുണ്ടായിട്ടുണ്ട്. ഹരിഹരൻ സിനിമക്ക് ഒരു രീതിയുണ്ട്. അതിൽ നിന്ന് കുറേ കാര്യങ്ങൾ പഠിക്കാനായി. അവിടെ സംവിധായകനാണ് സിനിമയുടെ ക്യാപ്റ്റൻ. അതേസമയം ഐ.വി ശശി ഡെഡിക്കേറ്റഡ് ആണ്. ഓരോ സിനിമയും ആദ്യ സിനിമ ചെയ്യുന്ന ആവേശത്തിലാണ് ചെയ്യുന്നത്. ഷാജി കൈലാസിന്റെ മേക്കിങ് സ്റ്റൈൽ, രഞ്ജിത്തിന്‍റെ തിരക്കഥയിലുള്ള സൂക്ഷമത, മേയ്ക്കിങ് സ്റ്റൈൽ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇവരിൽ നിന്നൊക്കെ പഠിക്കാൻ പറ്റി. എല്ലാരിൽ നിന്നും ലഭിക്കുന്നവയെടുത്ത് ഞാൻ എന്റേതായ ഒരു രീതി ഉണ്ടാക്കുന്നു.
'പഴശ്ശിരാജ'ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന പീരീഡ് സിനിമയായ മാമാങ്കം
വടക്കൻ വീരഗാഥയിൽ മമ്മൂക്കക്കൊപ്പം ജോലി ചെയ്തിരുന്നു. അന്ന് ഞാൻ സംവിധാന സഹായി മാത്രമായിരുന്നു. അന്ന് മമ്മുക്കയോട് സംസാരിക്കാനോ, അദ്ദേഹത്തോട് എന്തെങ്കിലും പറയാനോ കഴിയുമായിരുന്നില്ല. പിന്നീട് അസിസ്റ്റന്‍റ് ആയും അസോസിയേറ്റ് ആയും വർക്ക് ചെയ്ത പല സിനിമകളിലും നായകൻ മമ്മുക്ക ആയിരുന്നു. സ്വാഭാവികമായും അദ്ദേഹവുമായുള്ള അകൽച്ച കുറഞ്ഞു വന്നു. അതിനിടയിൽ പരുന്ത് എന്ന സിനിമ മമ്മുക്കയെ വെച്ചു ചെയ്തു. വടക്കൻ വീരഗാഥ ചെയ്ത മമ്മുക്ക 30 വർഷങ്ങൾക്ക് ശേഷം അതേ ആവേശത്തോടെ അതേ ഊർജത്തോടെ ഇപ്പോഴും അഭിനയിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു.
മാമാങ്കത്തിലെ നാൽപത് രാത്രികൾ
ഈ സിനിമ രാത്രിയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. മാമാങ്കം നടക്കുന്നത് രാത്രിയാണ്. രണ്ട് മാമാങ്കം ആണ് ഈ സിനിമക്കകത്തുളളത്. രണ്ടു കാലഘട്ടത്തിലെ രണ്ട് മാമാങ്കം. നാൽപത് രാത്രികളായാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. അതിൽ ഇരുപത്തിയഞ്ചു ദിവസത്തോളം മമ്മുക്കയുണ്ടായിരുന്നു. മമ്മുക്ക പുലർച്ചെ നാല് മണി
വരെയൊക്കെ നിൽക്കുമായിരുന്നു. അദ്ദേഹം മടികൂടാതെ ശരിയാകുന്നത് വരെ അഭിനയിക്കും. ഡ്യൂപ്പ് ഇല്ലാതെ ആക്ഷൻ ചെയ്യാനും അദ്ദേഹം ഒരുക്കമായിരുന്നു.
മാമാങ്കത്തിലെ നായികപ്രധാന്യം?
നായികപ്രാധാന്യമുള്ള സിനിമയാണ് മാമാങ്കം. സാധാരണ ചരിത്രസിനിമകളിൽ സ്ത്രീകൾക്ക് അധികം പ്രാധാന്യം ഉണ്ടാകാറില്ല. എന്നാൽ മാമാങ്കത്തിൽ നാല് നായികമാരുണ്ട്. പുരുഷ കഥാപാത്രത്തോടൊപ്പം നിൽക്കുന്നതാണ് ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളും.
ആൾകൂട്ടത്തെ എങ്ങിനെ നിയന്ത്രിച്ചു?
ക്രൗഡ് കൊറിയോഗ്രാഫി മലയാളത്തിൽ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകൻ ഐ.വി ശശിയാണ്. അദ്ദേഹത്തിൽ നിന്നാണ് അക്കാര്യങ്ങൾ പഠിച്ചത്. 2000,3000 പടയാളികളാണ് മാമാങ്കത്തിലുളളത്. ഒരു ഫ്രെയിമിൽ തന്നെ കുറേ ജൂനിയർ ആർടിസ്റ്റുകളും പത്ത് പതിനഞ്ചു നടന്മാരും ഉണ്ടാകും. ഇവരെ
മാനേജ് ചെയ്യുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അതിന് നല്ല പ്ലാൻ വേണം. അതെല്ലാം ശശി സാറിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു.
ചെയ്‌തതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ
എല്ലാ സിനിമകളും ഇഷ്ടമാണ്. വാസ്തവം സിനിമയോട് എനിക്ക് ഒരു പേഴ്‌സണൽ അറ്റാച്മെന്‍റ് ഉണ്ട്. അത് പോലെ ജോസഫും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.