സെവന്‍സ് ഫുട്ബാള്‍ ടൂർണമെന്‍റിനായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന കളിക്കാരെ ‘സുഡാനി’കള്‍ എന്നാണ് പൊതുവെ വിളിക്കാറുള്ളത്. ആദ്യ കാലത്ത് കേരളത്തിലെ കോളജുകളില്‍ പഠിക്കാൻ വന്ന സുഡാനികളാണ് ടൂര്‍ണമെന്‍റുകളില്‍ കളിച്ചിരുന്നത്. അനൗൺസ്മെന്‍റുകളിലും നോട്ടീസുകളിലും സുഡാനി കളിക്കുന്നുവെന്നത് വലിയ ആകർഷണമായിരുന്നു. തുടർന്ന് സെവൻസ് ഗ്രൗണ്ടുകളിൽ ആഫ്രിക്കൻ കളിക്കാർക്ക് പ്രിയമേറി. നൈജീരിയ, ഐവറി കോസ്റ്റ്, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള കളിക്കാര്‍ വന്ന് ക്ലബ്ബുകളില്‍ ചേരുകയും കളിക്കാന്‍ തുടങ്ങുകയും ചെയ്തു. പക്ഷേ, ഇവരെല്ലാം നാട്ടുകാർക്ക് സുഡാനിയായിരുന്നു. ആദ്യമെത്തിയ വിദേശ കളിക്കാരായ സുഡാനിയെ ഇഷ്ടപ്പെട്ട ഫുട്ബാൾ ആരാധകർക്ക് പിന്നീട് എത്തിയവരെല്ലാം സുഡാനികളെന്ന് വിളിച്ചു. ഈ കൗതുകമാണ് ചിത്രത്തിന് ടൈറ്റിലിടാൻ പ്രേരിപ്പിച്ചത്.
കൂടാതെ സുഹൃത്ത് കൂടിയായ മുഹ്സിൻ പരാരിയുടെ കെ.എല്‍ 10 പത്ത് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന പരാമർശവും ടൈറ്റിലിടാൻ കാരണമായി.
ഫുട്ബോൾ കേവലം പന്ത് കൊണ്ടുള്ള കളി മാത്രമല്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പലതരം വൈവിധ്യങ്ങളെ കൂട്ടി യോജിപ്പിക്കുന്ന അദൃശ്യ ശക്തി കൂടി ഈ കളിയിൽ ഉൾചേർന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് പൂക്കാട്ടിരി എന്ന ഗ്രാമത്തിലാണ് എന്‍റെ വീട്. മലപ്പുറം ജില്ലയിലെ, അതുമല്ലെങ്കില്‍ മലബാറിലെ തന്നെ മറ്റെല്ലാ ഇടങ്ങളെയും പോലെ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റുകള്‍ നടക്കുന്ന പ്രദേശങ്ങളാണ് പൂക്കാട്ടിരിയും വളാഞ്ചേരിയും. ചെറുപ്പകാലത്ത് വൈകുന്നേരങ്ങളിലായിരുന്നു ടൂര്‍ണമെന്‍റുകള്‍ നടന്നിരുന്നത്. നാട്ടിൽ തന്നെയുള്ള ക്ലബ്ബുകള്‍ ആയിരുന്നു മത്സരിച്ചിരുന്നത്. സെലിബ്രിറ്റികള്‍ എന്ന നിലക്ക് കോയമ്പത്തൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ കളിക്കാർ എത്താറുണ്ടായിരുന്നു. പുറത്ത് നിന്ന് കളിക്കാർ വരുമ്പോൾ അത് വലിയ പ്രത്യേകതയായാണ് എടുത്ത് പറയുക.
സുഡാനികള്‍ എത്തി തുടങ്ങിയതോടെ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളില്‍ നിന്നൊക്കെ കളിക്കാര്‍ വന്നു തുടങ്ങി. സെവന്‍സിനൊപ്പം തന്നെ പുതിയ ജോലി സാധ്യതകളും വളരാന്‍ തുടങ്ങി. വിദേശത്തു നിന്നും കളിക്കാരെ കൊണ്ടു വന്ന് ഒരു സീസണ്‍ മുഴുവന്‍ കളിപ്പിക്കാൻ ശേഷിയുള്ള മാനേജര്‍മാരും ഇവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന സ്ഥാപനങ്ങളും വരെയുണ്ടായി.
സെവൻസ് ടൂർണമെന്‍റ് കാലത്ത് തൊട്ടടുത്ത പ്രദേശങ്ങളിലുള്ളവരെല്ലാം കളി കാണാൻ വരും. ഇവരെല്ലാം കൂടി ഒരുമിച്ചിരിക്കുന്ന ഇടം കൂടിയാണ് ഒാരോ സെവൻസ് സീസണും. ഇത് കൂടാതെ ഫുട്ബാൾ ഗ്രൗണ്ടിനെ ചുറ്റിപ്പറ്റിയുള്ള കച്ചവടം, കളിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കിവെക്കുക, തുടങ്ങി പല സാധ്യതകളിലേക്കാണ് ഈ മത്സരം വാതിൽ തുറക്കുന്നത്. നവംബര്‍ മുതല്‍ മെയ് വരെ ഉള്ള മാസങ്ങളാണ് സെവന്‍സ് സീസണ്‍. ആ ഏഴു മാസക്കാലം കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ ഭാഗങ്ങളിൽ ഫുട്ബാൾ ജ്വരമാണ്.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കളിക്കാൻ അവരുെട ക്ലബ്ബിനടുത്ത് തന്നെ മാനേജർമാർ ഏർപെടുത്തുന്ന ക്വോട്ടേഴ്സിലും വീടുകളിലുമാണ് താമസിക്കാറുള്ളത്. ഇപ്പോള്‍ ടൂര്‍ണമെൻറുകള്‍ രാത്രി ആയതിനാല്‍ പകല്‍ സമയങ്ങളില്‍ വിദേശികളായ കളിക്കാരെ അങ്ങാടികളിലെ ചായക്കടകളിലും മറ്റു കടകളിലുമൊക്കെ കാണാനാവും. ഒരു നാട് അവിടെ ജനിച്ചു വളര്‍ന്നവര്‍ക്കു മാത്രമല്ല, പുറത്ത് നിന്നുള്ളവരുടെ അതിജീവനത്തിന് കൂടിയുളളതാകുന്നു. ഞാനൊരു ഫുട്ബോള്‍ കളിക്കാരനോ വലിയൊരു ഫാനോ അല്ല. പക്ഷേ ഇത്തരം കൗതുകം എന്നുെമന്‍റെ മനസ്സിനെ ആകർഷിച്ചിരുന്നു. ആഫ്രിക്കന്‍ കളിക്കാര്‍ ഇവിടെയുള്ളവരുമായി ഇടപഴകുന്നതിന്‍റെ സൗന്ദര്യം വേറെ തന്നെയാണ്. ഭാഷകൊണ്ടും സംസ്കാരം കൊണ്ടും വളരെ വ്യത്യസ്തരായ രണ്ടു വിഭാഗക്കാരാണത്. കളിക്കാനെത്തുന്നവർക്ക് ഇംഗ്ലീഷ് പരിജ്ഞാനം വളരെ കുറവ്. ഇവിടുള്ള ആളുകള്‍ സംസാരിക്കുന്ന മുറിയന്‍ ഇംഗ്ലീഷ് തന്നെ ആണ് അവരും സംസാരിക്കുന്നത്. ക്ലബ്ബ് മാനേജരും നാട്ടുകാരും കളിക്കാരോടും നടത്തുന്ന ആശയ വിനിമയം വളരെ കൗതുകത്തോടു കൂടിയാണ് ഞാന്‍ നോക്കിയിരുന്നത്.
ഒരു നവാഗതന് ഇന്‍ഡസ്ട്രിയിലേക്ക് കടക്കാൻ നിരവധി കടമ്പകള്‍ താണ്ടേതുണ്ട്. വലിയ ബജറ്റ് ചിത്രമാണെങ്കിൽ വലിയ താരത്തെയും ആവശ്യമാണ്. എന്നാല്‍ ഒരു പുതുമുഖത്തോടൊപ്പം സിനിമ ചെയ്യാൻ ഒരു താരം താല്പര്യപ്പെടുമോ എന്നതായിരുന്നു എന്‍റെ ആശങ്ക. അതിനാൽ ഈ കഥ സ്വതന്ത്ര സിനിമയായി ചെയ്യാന്‍ ആണ് തീരുമാനിച്ചത്. മലയാള സിനിമയിലുള്ള സുഹൃത്തുക്കളെ അഭിനേതാക്കളായി മനസ്സിൽ കണ്ട് ഒരു പ്രൊജക്ട് രൂപപ്പെടുത്തിയിരുന്നു. ശേഷം രാജീവ് രവിയുടെ കളക്ടീവ് ഫേസിന്‍റെ ബാനറില്‍ ചെയ്യാന്‍ കഴിയുമോ എന്നു സംസാരിക്കാന്‍ വേണ്ടി അദ്ദേഹത്തെ സമീപിച്ചു. കഥ ഇഷ്ടപ്പെട്ട രാജീവ് രവി ചിത്രം സ്വതന്ത്രസിനിമയായി ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തി. ചെറു സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ സാരഥിയെ പോയി കാണാന്‍ അദ്ദേഹം നിർദേശിക്കുകയും ചെയ്തു. സാരഥിയും ചിത്രം വലിയ കാൻവാസിൽ ചെയ്യാൻ ഉപദേശിച്ചു.
സാരഥിയുടെ തന്നെ നിർദേശപ്രകാരം ആണ് സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരെയും സമീപിക്കുന്നത്. കഥ പറയാന്‍ അവസരം കിട്ടിയെങ്കിലും പ്രതീക്ഷകളില്ലാതെ ആണ് കൊച്ചിയില്‍ പോയി ഇരുവരെയും കാണുന്നത്. എന്നാല്‍ അവര്‍ കഥ കേട്ട് ഇഷ്ടപ്പെട്ട് മുന്നോട്ടു പോകാമെന്ന് പറഞ്ഞു.
സൗബിനിലേക്ക് എത്തിപ്പെടുന്നത് വളരെ യാദൃച്ഛികമായാണ്. ആഫ്രിക്കയില്‍ നിന്ന് കളിക്കാനായി വരുന്ന ഒരു കളിക്കാരന്‍റെയും ഇവിടുത്തെ (മലപ്പുറത്തെ) ഒരു ഫുട്ബോള്‍ ക്ലബ്ബിന്‍റെ മാനേജരുടെയും കാഴ്ചപ്പാടുകളിലൂടെ വികസിക്കുന്ന കഥയാണിത്. ഇരു കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം കഥയിലുണ്ട്. നിഷ്‌കളങ്കനും സാധാരണക്കാരനുമായ വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത ഒരു ആളാണ് ഈ ഫുട്ബാള്‍ ക്ലബ്ബ് മാനേജര്‍. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ എല്ലാം ഒത്തിണങ്ങുന്ന അതേ സമയം സിനിമയുടെ മാര്‍ക്കറ്റിങ്ങിന് കൂടി സഹായിക്കുന്ന രീതിയില്‍ ആളുകള്‍ക്ക് പരിചിതനായ ഒരാളെ വേണമായിരുന്നു. ആ ആലോചനയിൽ നിന്ന് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്‍റിന്‍റെ സാരഥിയാണ് സൗബിനെ നിർദേശിക്കുന്നത്. സൗബിനെ ഒരിക്കലും ഈ സിനിമക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ രാജീവ് രവി, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ സൗബിനോട് സംസാരിച്ചതോടെ അത് യാഥാർഥ്യമാകുകയായിരുന്നു.
ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ആഫ്രിക്കയില്‍ നിന്നും മലപ്പുറം ജില്ലയിലെ ക്ലബ്ബിലേക്ക് സെവൻസ് കളിക്കാന്‍ വന്ന ഒരു യുവാവാണ്. അയാളുടെ കാഴ്ചപ്പാടിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. അതിനാൽ തന്നെ ആ കഥാപാത്രം വളരെ പ്രധാനപ്പെട്ടതായിരുന്നു. സ്വതന്ത്ര സിനിമ എന്ന പദ്ധതിയുമായി മുന്നോട്ടു നീങ്ങിയ സമയത്ത് നാട്ടില്‍ കളിക്കാനായി വരുന്നതില്‍ കുറച്ചു പേരെ ഒാഡിഷന്‍ നടത്തി അഭിനയിക്കാന്‍ അറിയുന്ന ഒരാളെ തെരഞ്ഞെടുക്കാം എന്നായിരുന്നു കരുതിയിരുന്നത്. ഇതിനായി സുഹൃത്തായ ഒരു മാനേജരോട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു.
എന്നാല്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ സിനിമ ഏറ്റെടുക്കുകയും സൗബിന്‍ നായകനാവുകയും ചെയ്തതോടെ ഒരു പ്രൊഫഷണല്‍ നടന്‍ തന്നെ വേണമെന്ന് തോന്നി. നിർമാതാക്കളുടെ അനുവാദം ലഭിച്ചതോടെ ഇന്‍റര്‍നെറ്റില്‍ തിരച്ചില്‍ ആരംഭിച്ചു. ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളിലെയും മികച്ച നടന്മാരുടെ ലിസ്റ്റ് ഉണ്ടാക്കി. ഫേസ്ബുക്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഫിലിം ഫ്രറ്റേണിറ്റികളുമായി ബന്ധപ്പെട്ടു. ഇതിനിടെയാണ് ഗൂഗിളില്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന നടന്‍റെ ഫോട്ടോ കാണാന്‍ ഇടയാകുന്നത്. ഫോട്ടോ കണ്ട് തോന്നിയ കൗതുകത്തെ തുടര്‍ന്നുള്ള തിരച്ചിലില്‍ നൈജീരിയയിലെ ഏറ്റവും ചെറുപ്പക്കാരനായ ടിവി സീരീസ്-സിനിമാ നടന്‍ ആണ് അദ്ദേഹമെന്ന് മനസ്സിലായി. നൈജീരിയയില്‍ തന്നെ ഉള്ള ഏജന്‍സിയെ ഇ-മെയില്‍ വഴി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ അദ്ദേഹത്തോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം മുമ്പ് അഭിനയിച്ച വിഡിയോയും ഒാഡിഷനു വേണ്ടി പ്രത്യേക വിഡിയോയും അയച്ചു തന്നു. വിഡിയോ സമീര്‍ താഹിറിനെയും ഷൈജു ഖാലിദിനെയും കൂടി കാണിച്ചു. അങ്ങനെ സാമുവല്‍ അബിയോള റോബിന്‍സണെ ഈ കഥാപാത്രമായി എല്ലാവരും ഉറപ്പിക്കുകയായിരുന്നു.
എത്രത്തോളം വന്നിട്ടുണ്ട് എന്നുള്ളത് സിനിമ കണ്ടു കഴിയുമ്പോള്‍ മാത്രമേ വിലയിരുത്താന്‍ കഴിയുകയുള്ളു. ഈ സിനിമ എന്‍റെ മനസ്സിൽ രൂപപ്പെട്ടതിന് ശേഷം കഥ വികസിപ്പിക്കുന്നതിനുമായി മലപ്പുറം ജില്ലയിലുള്ള ക്ലബ്ബുകളിലെ മാനേജര്‍മാരുമായി സംസാരിക്കുകയും അവരുടെ അനുഭവങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. അവരോട് സംസാരിച്ചപ്പോഴാണ് മലബാറിന്‍റെ ഫുട്ബാള്‍ പ്രേമത്തിന്‍റെ ആഴം അറിഞ്ഞത്. ആ പ്രേമത്തിന്‍റെ ചെറിയ ഭാഗം മാത്രമാണ് സെവൻസ് ടൂർണമെന്‍റുകൾ.
മലബാറിലെ പ്രത്യേകിച്ച് മലപ്പുറത്തെ ഫുട്ബാൾ അനുഭവങ്ങള്‍, ക്ലബ്ബുകള്‍, ആരാധകര്‍, റാങ്കിങ്, ടൂര്‍ണ്ണമെന്‍റ് കമ്മിറ്റി, അനൗണ്‍സ്‌മെന്‍റ്, വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ തുടങ്ങി നിരവധി കാര്യങ്ങൾ അടുത്തറിയാനായി. ഇതിലെ ഒരു ഭാഗം മാത്രമാണ് ചിത്രത്തിനായി ഉപയോഗിച്ചത്. അതേസമയം ഇനിയും നിരവധി ചിത്രങ്ങള്‍ മലപ്പുറത്തെ ഫുട്ബാൾ പശ്ചാത്തലത്തിലൊരുക്കാനും കഴിയും.
മലപ്പുറത്ത് ജീവിക്കുന്ന ഒരാളെന്ന നിലയിൽ സിനിമകളിലും സാഹിത്യത്തിലും വളരെ ആസൂത്രിതമായി മലപ്പുറത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. അത് ഒട്ടും നിഷ്കളങ്കമല്ല എന്ന് പറയുന്നത് ഒരു പ്രാദേശിക വാദം എന്ന നിലക്കല്ല, മലപ്പുറത്ത് ജീവിക്കുന്നതിന്‍റെ അനുഭവത്തെ അടിസ്ഥാനമാക്കിയാണ്. അത് മലപ്പുറത്ത് ജീവിക്കുന്ന അല്ലെങ്കിൽ മറ്റു പ്രദേശങ്ങളിൽ നിന്നും അവിടേക്കു വന്ന ഏതൊരാൾക്കും അനുഭവപ്പെടുന്ന കാര്യവുമാണ്.
അതേസമയം സിനിമയില്‍ മലപ്പുറത്തെ പ്രത്യേക തരത്തില്‍ എടുത്തു പറയാന്‍ ശ്രമിച്ചിട്ടില്ല. എന്‍റെ കണ്‍മുന്നില്‍ കണ്ട, എനിക്ക് ഏറ്റവും കൂടുതല്‍ കൗതുകം ഉണ്ടാക്കിയ ഒരു കഥ പറയുക എന്നുള്ളതായിരുന്നു ഉദ്ദേശ്യം. ആ കഥയും അതിലെ കഥാപാത്രങ്ങളും സത്യസന്ധമായി അതരിപ്പിക്കുക എന്ന സര്‍ഗാത്മക വെല്ലുവിളിയാണ് അഭിമുഖീകരിക്കേണ്ടി വന്നത്.
മലപ്പുറത്തെ കുറിച്ചുള്ള വ്യവസ്ഥാപിത കാഴ്ചപ്പാടുകളെ മാറ്റി എഴുതാൻ ശ്രമിക്കേണ്ടതില്ലെന്നാണ് എന്‍റെ വിശ്വാസം. തെറ്റിദ്ധാരണ കൊണ്ടല്ല സിനിമകളിലും സാഹിത്യങ്ങളിലും മലപ്പുറത്തെ വികലമായി ചിത്രീകരിച്ചത്, മറിച്ച് അവർക്ക് അങ്ങിനെ പറയാനാണ് ആഗ്രഹമെന്നതാണ് എനിക്ക് മനസ്സിലായത്. അതു കൊണ്ട് മലപ്പുറത്തെ ഇനി പ്രത്യേക രീതിയിൽ മാറ്റിപ്പറയേണ്ട ഒരു ഗതികേട് എനിക്കില്ല എന്നാണ് ഞാന്‍ വ്യക്തിപരമായി വിശ്വസിക്കുന്നത്.
സൗബിനും സാമുവലിനും പുറമെയുള്ള മിക്ക കഥാപാത്രങ്ങളെയും എന്‍റെ ചുറ്റുപാടിൽ നിന്ന് കണ്ടെത്തിയവരാണ്. ഇവരിൽ കൂടുതൽ പേരും പുതുമുഖങ്ങളാണ്. സിനിമാ രംഗത്തുള്ള സുഹൃത്തുകളും ചിത്രത്തിലുണ്ട്. അതുപോലെ പ്രധാനപ്പെട്ട രണ്ടു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച സാവിത്രി ശ്രീധരന്‍, സരസ്സ ബാലുശ്ശേരി എന്നിവര്‍ 1960 കള്‍ മുതല്‍ മലയാള പ്രൊഫഷണല്‍ നാടക രംഗത്ത് തിളങ്ങി നില്‍ക്കുന്ന, സംസ്ഥാന അവാര്‍ഡ് നേടിയ നടിമാരാണ്.
സുഹൃത്തുക്കളും നടന്മാരുമായ അനീഷ് ജി മേനോന്‍, ലുഖ്മാന്‍, തുടങ്ങിയവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയിലെ കോമഡി ഉത്സവത്തില്‍ പ്രശസ്തനായ നവാസ് വള്ളിക്കുന്ന് ഒരു നല്ല വേഷം ചെയ്യുന്നുണ്ട്. നാടക ഗ്രൂപ്പുകളില്‍ നിന്നുമുള്ള കുറച്ചു നല്ല അഭിനേതാക്കളും ചിത്രത്തിലുണ്ട്.
സമീര്‍ താഹിറും ഷൈജു ഖാലിദും കേരളത്തിലെ അറിയപ്പെടുന്ന ഛായാഗ്രഹകരും സംവിധായകരും നിർമാതാക്കളുമാണ്. സൗത്ത് ഇന്ത്യയിൽ തന്നെ ഛായാഗ്രഹണ രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ടു പേരാണ് ഇവർ. ഇവരുടെ കൂടെ ജോലി ചെയ്യണമെന്ന് സ്വപ്നം കണ്ട സിനിമാ പ്രേമികളിൽ ഒരാൾ തന്നെയായിരുന്നു ഞാനും. ആദ്യ ചിത്രത്തിൽ തന്നെ ഇവരുടെ കൂടെ ജോലി ചെയ്യാനായത് സൗഭാഗ്യമായാണ് കാണുന്നത്. ഈ സിനിമയെ മികച്ചതാക്കുന്നതിന് ഇവരിൽ നിന്ന് ആത്മാർഥമായ പിന്തുണയാണ് ലഭിച്ചത്. അതിനാൽ തുടക്കക്കാരൻ എന്ന തരത്തിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നില്ല. സമീര്‍ താഹിറിന്‍റെയും ഷൈജു ഖാലിദിന്‍റെയും കൂടെ ജോലി ചെയ്യാനായത് മുന്നോട്ടുള്ള വഴിയില്‍ വെളിച്ചമായിരിക്കുമെന്നാണ് വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.