കഥകളി: പ്രതിഷേധവുമായി ചലച്ചിത്രപ്രവര്‍ത്തകര്‍

തിരുവനന്തപുരം: 'കഥകളി' എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കും കലാകാരന്‍മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ അനാവശ്യമായി കൈകടത്തുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ബോര്‍ഡ് റീജ്യണല്‍ ഓഫീസിന് മുന്നില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ചിത്രഞ്ജലി സ് റ്റുഡിയോയിലെ ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടന്ന സമരം ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിനിമ സര്‍ട്ടിഫൈ ചെയ്യേണ്ട ബോര്‍ഡിനെ സെന്‍സര്‍ ബോര്‍ഡായി തെറ്റിദ്ധരിക്കുന്നിടത്ത് മാനസികമായ അടിമത്തം ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ സര്‍ട്ടിഫൈ ചെയ്യാനാല്ലാതെ സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡിന് അധികാരമില്ല. ബോര്‍ഡ് ഉദ്യോഗസ്ഥരുടെ താന്‍പോരിമയും മുഷ്കും ഇനിയും അനുവദിച്ചുകൊടുക്കാനാവില്ളെന്നും നിഷേധാത്മക സമീപനങ്ങള്‍ക്കെതിരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകരായ കമല്‍, ടി.വി ചന്ദ്രന്‍, സിബി മലയില്‍, മാക്ട ചെയര്‍മാന്‍ ജി.എസ്. വിജയന്‍, കഥകളി സിനിമയുടെ സംവിധായകന്‍, സൈജോ കണ്ണനായ്ക്കല്‍, ചിത്രത്തില്‍ അഭിനയിച്ച ബിനോയ്, ക്യാമറാമാന്‍ സണ്ണി ജോസഫ്, പി. ശ്രീകുമാര്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. പ്രമുഖ സിനിമാ പ്രവര്‍ത്തകരും ഫെഫ്ക ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു. അതേസമയം കഥകളി എന്ന മലയാള ചിത്രത്തിന്‍െറ സെന്‍സറിങുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പബ്ളിസിറ്റി സ്റ്റണ്ട് മാത്രമെന്ന് സെന്‍സര്‍ ബോര്‍ഡ് റീജനല്‍ ഓഫീസര്‍ ഡോ.എ പ്രതിഭ പ്രതികരിച്ചു. കാരണം കാണിക്കല്‍ നോട്ടീസിന് സംവിധായകനോ നിര്‍മ്മാതവോ മറുപടി നല്‍കിയില്ല. കേസ് നിലവില്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. അവര്‍ ബോര്‍ഡിനെ വീണ്ടും സമീപിക്കാത്ത സാഹചര്യത്തില്‍ കോടതി നിര്‍ദ്ദേശത്തിനനുസരിച്ച് തുടര്‍ നടനടപടികള്‍ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.