കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ക്ക് പുതിയ നേതൃത്വം. പ്രസിഡൻറായി മോഹൻലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡൻറുമാരായി കെ.ബി. ഗണേഷ്കുമാറും മുകേഷും ട്രഷററായി ജഗദീഷും ചുമതലയേറ്റു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന 24ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. അതേസമയം, യുവതാരങ്ങളുടെയും ‘വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) ഭാരവാഹികളുടെയും അഭാവം ശ്രദ്ധേയമായി. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന യോഗത്തിൽ പതിവ് വാർത്തസമ്മേളനവും ഉണ്ടായില്ല.
17വർഷത്തിനുശേഷം സ്ഥാനമൊഴിയുന്ന ഇന്നസെൻറിെൻറ പകരക്കാരനായാണ് മോഹൻലാലെത്തുന്നത്. സെക്രട്ടറി സ്ഥാനത്തുനിന്നാണ് ഇടവേള ബാബു ജനറൽ സെക്രട്ടറിയാകുന്നത്. മമ്മൂട്ടിയായിരുന്നു ജനറൽ സെക്രട്ടറി. നടി ആക്രമിക്കപ്പെട്ട കേസിനെത്തുടർന്ന് ദിലീപിെൻറ പ്രാഥമിക അംഗത്വം റദ്ദാക്കിയശേഷം ഒഴിഞ്ഞുകിടന്ന ട്രഷർ സ്ഥാനത്തേക്കാണ് ജഗദീഷ് വന്നത്. നിർവാഹക സമിതിയിൽ ശ്വേത മേനോന്, രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരാണ് വനിത സാന്നിധ്യം. രമ്യ നമ്പീശനും കുക്കു പരമേശ്വരനുമാണ് കഴിഞ്ഞ സമിതിയിലുണ്ടായിരുന്നത്. ജയസൂര്യയെയും ആസിഫ് അലിയെയും നിലനിർത്തിയ സമിതിയിൽ ഇന്ദ്രൻസ്, സുധീർ കരമന, ബാബുരാജ്, ടിനി ടോം, അജു വർഗീസ്, ഉണ്ണി ശിവപാൽ എന്നിവരാണ് മറ്റംഗങ്ങൾ. 2021 വരെയാണ് ഭരണസമിതിയുടെ കാലാവധി.
നടി ആക്രമിക്കപ്പെട്ടതും ദിലീപിെൻറ അറസ്റ്റുമൊക്കെ ചർച്ച ചെയ്ത യോഗത്തിൽ പൃഥ്വിരാജ് ഉൾപ്പെടെ യുവതാരങ്ങളുടെ അഭാവം ശ്രദ്ധേയമായി. സ്ത്രീപക്ഷ നിലപാടെടുക്കുന്ന ഡബ്ല്യു.സി.സി ഭാരവാഹികളായ മഞ്ജു വാര്യര്‍, രമ്യ നമ്പീശന്, റിമ കല്ലിങ്കല്‍, പാര്‍വതി എന്നിവരും യോഗത്തിനെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.